ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം തുടരുന്ന ടിക്രി അതിർത്തിയിൽ നിന്ന് ബാരിക്കേഡുകൾ നീക്കി പൊലീസ്. പത്തുമാസം മുമ്പ് കർഷക മാർച്ച് തടയുന്നതിനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളാണ് എടുത്തുമാറ്റുന്നത്.
വ്യാഴാഴ്ച രാവിലെ വലിയ ക്രെയിനുകൾ ബാരിക്കേഡുകൾ നീക്കുന്ന ജോലി ആരംഭിച്ചു. ബാരിക്കേഡുകൾ പൂർണമായും നീക്കുന്നതോടെ ഡൽഹി -ബഹദൂർഗഡ് പാത യാത്രക്കാർക്കായി തുറന്നുനൽകാനാകും.
ദിവസങ്ങൾക്ക് മുമ്പ് റോഡ് തടസപ്പെടുത്തരുതെന്ന് കർഷക സംഘടനകളോട് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സമരം ചെയ്യാൻ അവകാശം ഉണ്ടെങ്കിലും റോഡ് തടയാൻ അധികാരമില്ല. റോഡുകൾ തടഞ്ഞ് പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്രം ഇല്ലാതാക്കാൻ കർഷക സംഘടനകൾക്ക് എന്താണ് അധികാരമെന്നും കോടതി ചോദിച്ചിരുന്നു.
ഗതാഗതം പൊലീസിന് നിയന്ത്രിക്കാൻ സാധിക്കുമെന്നും അവർക്ക് കഴിയില്ലെങ്കിൽ ജന്തർമന്തറിലേക്കോ രാംലീല മൈതാനത്തേക്കോ സമരം മാറ്റാൻ അനുവദിക്കണമെന്നും സംയുക്ത കിസാൻ മോർച്ച കോടതിയോട് അഭ്യർഥിച്ചിരുന്നു.
നാലാഴ്ചക്കകം മറുപടി നൽകണമെന്നും കോടതി കർഷക നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഡിസംബർ ഏഴിന് കേസ് വീണ്ടും പരിഗണിക്കും. സമരം നടത്തുന്നവരെ റോഡിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലായിരുന്നു സുപ്രീംകോടതിയുടെ വിമർശനം.
പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കർഷകരാണ് 11 മാസമായി ഡൽഹിയിലെ അതിർത്തിയിൽ പ്രക്ഷോഭം തുടരുന്നത്. കേന്ദ്രത്തിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും വിളകൾക്ക് അടിസ്ഥാന താങ്ങുവില നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.