ഗ്രെറ്റ പങ്കു​െവച്ച ടൂൾകിറ്റിന്​ പിന്നിലുള്ളവരുടെ വിവരങ്ങൾ വേണം; ടെക്​ ഭീമൻമാരെ സമീപിച്ച്​ ഡൽഹി പൊലീസ്​

ന്യൂഡൽഹി: കർഷക സമരങ്ങളുമായി ബന്ധപ്പെട്ട്​ സ്വീഡിഷ്​ പരിസ്​ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ്​ പങ്കുവെച്ച ടൂൾകിറ്റിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കണമെന്നാവശ്യപ്പെട്ട്​ ഡൽഹി പൊലീസ്​ ഗൂഗിൾ അടക്കമുള്ള ടെക്​ ഭീമൻമാരെ സമീപിച്ചു.

പ്രതിഷേധ പരിപാടികൾ തയാറാക്കിയ അക്കൗണ്ടിന്‍റെ ഉടമകളുമായി ബന്ധപ്പെട്ട ചില ഇ-മെയിൽ ഐ.ഡികൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയുടെ വിശദാംശങ്ങളാണ്​ പൊലീസ്​ അരാഞ്ഞത്​.

ഡൽഹി പൊലീസിന്‍റെ ​ൈസബർ സെൽ യൂനിറ്റിലെ ഡി.സി.പിയായ അന്വേഷ്​ റോയ്​യാണ്​ അക്കൗണ്ടുകൾ ഉണ്ടാക്കി ടൂൾകിറ്റിൽ ഇത്തരം വിവരങ്ങൾ ഉൾകൊള്ളിച്ച്​ അപ്​ലോഡ്​ ചെയ്​തവരെ കണ്ടെത്താൻ സഹായിക്കാൻ ആവശ്യപ്പെട്ട്​ ഗൂഗിളിനും മറ്റ്​ കമ്പനികൾക്കും ക​ത്ത്​ എഴുതിയത്​.

കമ്പനികളുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അതിന്​ ശേഷം അന്വേഷണം വ്യാപിപ്പിക്കുമെന്നും റോയ്​ പറഞ്ഞു. കമ്പനികളിൽ നിന്ന്​ ലഭിക്കുന്ന വിവരങ്ങൾ വെച്ച്​ ടൂൾകിറ്റ്​ ആരാണ്​ നിർമിച്ചതെന്നും ആരാണ്​ അത്​ പങ്കുവെച്ചതെന്നും അറിയാനാകുമെന്ന പ്രതീക്ഷയിലാണ്​ പൊലീസ്​.

നേരത്തെ കർഷക സമരത്തെ പിന്തുണച്ചതിന്‍റെ പേരിൽ ഗ്രെറ്റക്കെതിരെ കേസെടുത്തില്ലെന്ന്​ പൊലീസ്​ പറഞ്ഞിരുന്നു. കേസെടുത്തത്​ ഗ്രെറ്റക്കെതിരെ അല്ലെന്നും അവർ ട്വീറ്റിൽ പങ്കുവച്ച ടൂൾകിറ്റിന്​ ഖാലിസ്ഥാനി ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ്​ കേസെടുത്തതെന്നും പൊലീസ്​ പറയുന്നു.

ഗ്രെറ്റ പങ്കുവച്ച ടൂൾകിറ്റിൽ പരാമർശിക്കുന്ന ചില സോഷ്യൽമീഡിയ അകൗണ്ടുകൾ രാജ്യത്തിനെതിരേ പ്രവർത്തിച്ചെന്നും പൊലീസ്​ പറയുന്നു. 18 കാരിയായ ഗ്രെറ്റ തുൻ‌ബെർഗിനെ എഫ്‌.ഐ‌.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് എഫ്‌ഐ‌ആറിൽ ആരുടേയും പേരില്ല എന്നും കേസെടുത്തത്​ ടൂൾകിറ്റിന്‍റെ സ്രഷ്ടാക്കൾക്കെതിരേ ആണെന്നും പൊലീസ്​ പറയുന്നു.

എന്താണീ 'ടൂൾ കിറ്റ്'

ഇന്ത്യയിൽ നടക്കുന്ന കർഷകപ്രക്ഷോഭത്തെ കുറിച്ച്​ മനസിലാക്കുന്നതിനും ആളുകളെ സംഘടിപ്പിക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ ഗൂഗ്​ൾ രേഖയാണ്​ ടൂൾ കിറ്റ്​. അതിൽ കാർഷിക നിയമങ്ങൾ സംബന്ധിച്ചും അതിനെതിരേ കർഷകർ ഉന്നയിക്കുന്ന വിയോജിപ്പുകൾ സംബന്ധിച്ചും പരാമർശങ്ങളുണ്ട്​.

കർഷക പ്രക്ഷോഭത്തിൽ പ​ങ്കെടുക്കുന്ന പ്രമുഖ സംഘടനകൾ, പ്രക്ഷോഭത്തിന്‍റെ വിവരങ്ങൾ പങ്കുവയ്​ക്കുന്ന സോഷ്യൽമീഡിയ അകൗണ്ടുകൾ, പ്രക്ഷോഭത്തിലെ പ്രമുഖ ഹാഷ്​ടാഗുകൾ എന്നിവയും കിറ്റിൽ പരാമർശിച്ചിട്ടുണ്ട്​. യു.എൻ ഉൾപ്പെടുന്ന ​ലോകത്തിലെ വിവിധ കൂട്ടായ്​മകൾക്ക്​ പ്രക്ഷോഭം സംബന്ധിച്ച്​ നിവേദനങ്ങളും പരാതികളും നൽകേണ്ടവിധവും ടൂൾ കിറ്റിൽ വിവരിച്ചിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.