കർമപദ്ധതികൾ ആവിഷ്​കരിച്ചു; കോവിഡ്​ മൂന്നാം തരംഗത്തെ നേരിടാൻ ഒരുങ്ങി ഡൽഹി

ന്യൂഡൽഹി: കോവിഡ്​ രണ്ടാംതരംഗം ഏറെ നാശമാണ്​ ഡൽഹിയിൽ വിതച്ചത്​. ഇതിനേക്കാൾ തീവ്രമായിരിക്കും മൂന്നാം തരംഗമെന്നാണ്​​ വിദഗ്​ധർ മുന്നറിയിപ്പ്​ നൽകുന്നത്​. ഇതിൽനിന്നും രക്ഷനേടാനുള്ള കർമപദ്ധതികൾ തയാറാക്കിയതായി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ അറിയിച്ചു. ​

കോവിഡിൻെറ മൂന്നാം തരംഗം കണ്ടെത്താൻ രണ്ട് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്​. ഐ.സി.യു കിടക്കകളും മരുന്ന് വിതരണവും വർധിപ്പിക്കും. 37,000 കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന കാര്യം മനസ്സിൽ​വെച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന്​ കെജ്‌രിവാൾ പറഞ്ഞു.

വൈറസ്​ സൃഷ്​ടിക്കുന്ന ആഘാതം സജീവമായി കണ്ടെത്താൻ ഡൽഹിയിൽ രണ്ട് ജീനോം ട്രാക്കിംഗ് സൗകര്യങ്ങൾ ആരംഭിക്കും. രണ്ടാമത്തെ തരംഗത്തിൽ സ്​ഥിതി ഗുരുതരമാക്കിയത്​ ആരോഗ്യ സൗകര്യങ്ങളുടെ കുറവും ഓക്​സിജൻ ക്ഷാമവുമാണ്​. ഇത്​ പരിഹരിക്കാൻ ഓക്സിജനടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയാണ്. 25 ഓക്​സിജൻ ടാങ്കറുകൾ സർക്കാർ വാങ്ങും.

ഓക്സിജൻ സംഭരണ ​​ശേഷി 420 ടൺ ആയി ഉയർത്തും. കൂടാതെ 64 ഓക്സിജൻ പ്ലാൻറുകൾ സ്​ഥാപിക്കും. ഇവ രണ്ട്​ മാസത്തിനുള്ളിൽ തയാറാകും.

ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് 150 ടൺ ഓക്സിജൻ ഉൽപ്പാദിപ്പിച്ച്​ നൽകും. ആറായിരം ഓക്സിജൻ സിലിണ്ടറുകൾ ഇതുവരെ സർക്കാർ വാങ്ങിയിട്ടുണ്ട്​. കൂടാതെ ഓക്സിജൻ കോൺസെൻട്രേറ്ററുകളും ശേഖരിക്കുകയാണ്​.

മൂന്നാം തരംഗം ഏറെ ബാധിക്കുമെന്ന് ഭയപ്പെടുന്ന കുട്ടികൾക്കായി പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തി. കിടക്കകളുടെ എണ്ണം, കുട്ടികൾക്കുള്ള ഐ.സി.യു സൗകര്യങ്ങൾ എന്നിവ തീരുമാനിക്കാൻ പീഡിയാട്രിക് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു.

ഒരു മരുന്ന്‌ ഉചിതമാണോ അല്ലയോ എന്നതിനെക്കുറിച്ചും അത് ശരിക്കും ആർക്കാണ് വേണ്ടതെന്നുമുള്ള ഉപദേശങ്ങൾ ഡോക്ടർമാരുടെ പാനൽ നൽകും. ഈ ഉപദേശം ആളുകളുമായി പങ്കിടും. അത് പിന്തുടരാൻ അവരോട് ആവശ്യപ്പെടും.

'ഒരു പ്രത്യേക മരുന്ന് നിശ്ചിത കേസിനുള്ളതല്ലെന്ന് ഉപദേശകൻ പറയുന്നുണ്ടെങ്കിൽ അത് ഉപയോഗിക്കരുത്. അല്ലാത്തപക്ഷം ഇത് കടുത്ത ക്ഷാമത്തിനും ദുരുപയോഗത്തിനും കാരണമാകും' -കെജ്‌രിവാൾ പറഞ്ഞു.

Tags:    
News Summary - Delhi ready to face Kovid third wave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.