ന്യൂഡൽഹി: ഫെബ്രുവരിയിൽ വടക്കു - കിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ വംശഹത്യയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് കപിൽ മിശ്രയെ ഡൽഹി പൊലീസ് നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നതായി റിപ്പോർട്ട്. ജൂലൈ 28നാണ് ബി.ജെ.പി നേതാവിനെ സ്പെഷൽ സെൽ ചോദ്യം ചെയ്തത്. മൗജ്പൂരിൽ വിദ്വേഷ പ്രസംഗം നടത്തിയത് കപിൽ മിശ്ര പൊലീസ് ചോദ്യം ചെയ്യലിൽ നിഷേധിക്കുകയും ചെയ്തു.
കർകർഡൂമ കോടതിയിൽ ഡൽഹി പൊലീസ് കഴിഞ്ഞ ആഴ്ച ഇതുസംബന്ധിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതോടെയാണ് ചോദ്യം ചെയ്ത കാര്യം പുറത്തറിഞ്ഞത്. ഫെബ്രുവരി 23ന് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിൻെറ വീഡിയോ സംബന്ധിച്ചും പൊലീസ് അന്വേഷിച്ചതായി കുറ്റപത്രത്തിലുണ്ട്.
പ്രസംഗമൊന്നും നടത്തിയിട്ടില്ലെന്നും മൂന്നു ദിവസത്തിനകം മൗജ്പൂരിലെ റോഡിലെ തടസ്സം നീക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നുമാണ് കപിൽ മിശ്ര പൊലീസിനോട് പറഞ്ഞത്. താൻ എത്തുന്നതിന് മുമ്പേ ചില മേഖലകളിൽ കലാപം ആരംഭിച്ചിരുന്നെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ജാഫറാബാദിലും ചാന്ദ്ബാഗിലും സമാധാനപരമായി നടന്ന സമരത്തെ സംഘർഷഭരിതമാക്കിയത് കപിൽ മിശ്രയായിരുന്നു. ജാഫറാബാദിൽ സ്ത്രീകൾ നടത്തിയിരുന്ന സമരത്തിലേക്ക് അക്രമോത്സുകരായ സംഘത്തെ നയിച്ച് കപിൽ മിശ്ര എത്തിയതാണ് സംഘർഷത്തിന് തുടക്കം. ഇൗ സംഘത്തിൻെറ കലാപശ്രമങ്ങളുടെ പരിണിതഫലമായിരുന്നു പൊലീസുകാരൻ അടക്കം അഞ്ചുപേർ കൊല്ലപ്പെടുന്നതിലും, കടകളും വാഹനങ്ങളും അഗ്നിക്കിരയാക്കുന്നതിലേക്കും എത്തിയതെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻെറ ഇന്ത്യാ സന്ദർശന വേളയായതിനാൽ ക്ഷമിക്കുകയാണെന്നും മൂന്നു ദിവസത്തിനകം പൗരത്വ വിരുദ്ധ സമരക്കാരെ ഒഴിപ്പിക്കാൻ ഡൽഹി പൊലീസിന് അന്ത്യശാസനം നൽകുകയാണെന്നുമാണ് കപിൽ മിശ്ര പറഞ്ഞത്. ഡി.സി.പിയെ സാക്ഷിനിർത്തിയായിരുന്നു കപിൽ മിശ്രയുടെ ഭീഷണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.