ന്യൂഡൽഹി: സിവിൽ സർവിസസ് പരീക്ഷ പരിശീലന കേന്ദ്രത്തിലെ വെള്ളക്കെട്ടിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവത്തിൽ പഴിചാരി ഭരണ പ്രതിപക്ഷ കക്ഷികൾ. സംഭവത്തിന് പിന്നാലെ സർക്കാറിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേനയാണ് ആദ്യം രംഗത്തെത്തിയത്.
സംഭവിക്കുന്നത് മാപ്പർഹിക്കാത്തതാണ്, അത്തരം പ്രശ്നങ്ങൾ ഇനി കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് ഗവർണർ പറഞ്ഞു. ഭരിക്കുന്നവരുടെ വീഴ്ചയും പരിശീലന സ്ഥാപനങ്ങൾ നടത്തുന്നവരുടെ ക്രിമിനൽ സ്വഭാവവുമാണ് വിദ്യാർഥികളുടെ ജീവനപഹരിച്ചത്. അടിസ്ഥാന അറ്റകുറ്റപ്പണികൾപോലും നടത്താത്തത് ഭരണനിർവഹണത്തിന്റെ പരാജയമാണ്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഗവർണർ എക്സിൽ കുറിച്ചു. പിന്നാലെ ഗവർണർ ഡിവിഷനല്‍ കമീഷണറോട് വിശദ റിപ്പോര്‍ട്ട് ചൊവ്വാഴ്ചക്കകം നൽകാൻ നിർദേശം നൽകി.
15 വർഷം ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഭരിച്ച ബി.ജെ.പി എല്ലാ കുറ്റവും ആം ആദ്മി സർക്കാറിന്റെയും കെജ്രിവാളിന്റെയും തലയിൽ കെട്ടിവെച്ച് തടിയൂരുകയാണെന്ന് എം.എൽ.എയും എം.സി.ഡി അധ്യക്ഷനുമായ രജിന്ദർ നാഗർ പറഞ്ഞു. ഒരുവർഷമായി മഴവെള്ളച്ചാലുകൾ പുനരുദ്ധരിച്ച് വരികയാണ്. അപകടത്തിൽ പഴിചാരി രക്ഷപ്പെടാനില്ല. നീതിപൂർവമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. ഡൽഹി ഗവൺമെന്റ് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും രജിന്ദർ നാഗർ പറഞ്ഞു. ബി.ജെ.പി എം.പി അനുരാഗ് താക്കൂറടക്കമുള്ളവർ ആം ആദ്മി സർക്കാറിനെ വിമർശിച്ച് രംഗത്തെത്തി.
മഴവെള്ളച്ചാലുകൾ വൃത്തിയാക്കണമെന്ന തദ്ദേശവാസികളുടെ ആവശ്യം കേൾക്കാതിരുന്ന എ.എ.പി എം.എൽ.എ ദുർഗേഷ് പതക്കും ജലവകുപ്പ് മന്ത്രി അതിഷിയുമാണ് ദുരന്തത്തിന് കാരണക്കാരെന്ന് ബി.ജെ.പി അധ്യക്ഷൻ വിരേന്ദ്ര സച്ചദേവ പറഞ്ഞു.
അപകടമുണ്ടായ കെട്ടിടം സ്ഥിതിചെയ്യുന്നത് താഴ്ന്ന പ്രദേശത്താണെന്ന് എം.എൽ.എ പതക് പറഞ്ഞു. 15 വർഷം കൊണ്ട് ഡൽഹിയെ ഇങ്ങനെ ആക്കിയത് ബി.ജെ.പി ഭരണമാണ്. ഇവിടെ 15 വർഷമായി ബി.ജെ.പി കൗൺസിലറാണുണ്ടായിരുന്നത്. ഒരുവർഷം കൊണ്ട് എല്ലായിടത്തും മഴവെള്ളച്ചാലുണ്ടാക്കാൻ ആർക്കുമാവില്ലെന്നും പതക് പറഞ്ഞു. അപകടമുണ്ടായ കെട്ടിടത്തിൽ ബേസ്മെന്റ് സാധനങ്ങൾ സൂക്ഷിക്കാനെന്ന രീതിയിലാണ് എൻ.ഒ.സി എടുത്തതെന്ന് എം.സി.ഡി.സി അധികൃതർ പറഞ്ഞു.
മഴവെള്ളച്ചാലിന് മുകളിൽ വെള്ളത്തിന്റെ ഒഴുക്കടക്കം തടസ്സപ്പെടുത്തുന്ന രീതിയിൽ വലിയ രീതിയിൽ കൈയേറ്റമുണ്ടായി. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന പരിശീലന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ പ്രത്യേക കമ്മറ്റി രൂപവത്കരിച്ചതായും എം.സി.ഡി.സി അറിയിച്ചു. ഇതിനിടെ എ.ബി.വി.പിയുടെ നേതൃത്വത്തിൽ ഡൽഹി മേയർ ഷെല്ലി ഒബ്റോയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.