ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിയറ്റ്നാം സന്ദർശനത്തിന് പോയെന്ന റിപ്പോർട്ടുകൾക്കിടെ വിമർശനവുമായി ബി.ജെ.പി രംഗത്ത്. രാജ്യത്ത്, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ദുഃഖാചരണം നടക്കുന്നതിനിടെ രാഹുൽ പുതുവർഷം ആഘോഷിക്കാൻ വിയറ്റ്നാമിലേക്ക് പറന്നുവെന്നും ഇത് മൻമോഹൻ സിങ്ങിനെ അവമതിക്കുന്നതിന് തുല്യമാണന്നും ബി.ജെ.പി നേതാക്കൾ പ്രതികരിച്ചു. എന്നാൽ യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും രാഹുലിന്റേത് വ്യക്തിപരമായ യാത്രയാണെന്നും കോൺഗ്രസ് പ്രതികരിച്ചു. നേരത്തെ മൻമോഹൻ സിങ്ങിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട് വിവാദങ്ങളുയർന്നിരുന്നു.
സിഖുകാർക്കെതിരെ കോൺഗ്രസ് വലിയ കലാപത്തിന് നേതൃത്വം നൽകിയിരുന്നുവെന്നും മൻമോഹൻ സിങ്ങിന്റെ മരണത്തെ അനാവശ്യമായി രാഹുൽ ഗാന്ധി രാഷ്ട്രീയവൽക്കരിക്കുകയാണെന്നും ബി.ജെ.പി നേതാവ് അമിത് മാളവ്യ എക്സിൽ കുറിച്ചു. 1984ലെ സിഖ് കലാപത്തെ അധികരിച്ചുകൊണ്ടായിരുന്നു അമിത് മാളവ്യയുടെ പോസ്റ്റ്. ഇതിനു മറുപടിയായി സംഘികൾ എന്നാണ് ‘ടേക്ക് ഡൈവേർഷൻ പൊളിറ്റിക്സ്’ അവസാനിപ്പിക്കുകയെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ എക്സിൽ കുറിച്ചു.
ഡോ. മൻമോഹൻ സിങ്ങിന്റെ സംസ്‌കാര ചടങ്ങുകളെ സംബന്ധിച്ച് വലിയ വിവാദമാണ് ഉയർന്നത്. ബി.ജെ.പിയുടെ കെടുകാര്യസ്ഥതയും അനാദരവുമാണ്, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് യമുനാ തീരത്ത് ഉചിതമായ സ്ഥലത്ത് സ്മാരകം നിഷേധിച്ചതിനു പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ സംസ്‌കാര ചടങ്ങുകളിൽ എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിട്ടുണ്ടെന്നും ഇതിനായി മൻമോഹൻ സിങ്ങിന്റെ കുടുംബത്തിന് മതിയായ സൗകര്യങ്ങൾ ഒരുക്കിയെന്നും വാദിച്ച ബി.ജെ.പി, ആരോപണങ്ങൾ തള്ളിക്കളഞ്ഞു.
ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ ചിതാഭസ്മ നിമജ്ജനത്തിൽ പങ്കെടുക്കാത്തത് സംബന്ധിച്ച ബി.ജെ.പി ആരോപണത്തിൽ വിശദീകരണവുമായി കോൺഗ്രസ്. സംസ്‌കാര ചടങ്ങിൽ കുടുംബത്തിന് സ്വകാര്യത ലഭിക്കാത്തതിനാലും, ചിത ഒരുക്കിയ സ്ഥലത്തിനരികിലേക്ക് ഒരുപാട് കുടുംബാംഗങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്തതിനാലും ചിതാഭസ്മ നിമജ്ജനത്തിൽ കുടുംബത്തിന് സ്വകാര്യത നൽകാനായിരുന്നു കോൺഗ്രസിന്റെ തീരുമാനമെന്ന് കോൺഗ്രസ് ദേശീയ വക്താവ് പവൻ ഖേര പറഞ്ഞു. ചിതാഭസ്മ നിമജ്ജനം കുടുംബാംഗങ്ങൾക്ക് വൈകാരിക നിമിഷമായതിനാൽ അവരുടെ സ്വകാര്യതക്ക് ബഹുമാനം നൽകുകയായിരുന്നു. ചടങ്ങുകൾക്കു ശേഷം മുതിർന്ന നേതാക്കളായ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മൻമോഹൻ സിങ്ങിന്റെ കുടുംബത്തെ അവരുടെ വസതിയിലെത്തി കണ്ടിരുന്നുവെന്ന് പവൻ ഖേര വ്യക്തമാക്കി.
അന്തിമോപചാരങ്ങൾ നിഗംബോധ്ഘട്ടിലെ പൊതുശ്മശാനത്തിൽ നടത്തി ബി.ജെ.പി അദ്ദേഹത്തോട് അനാദരവ് കാട്ടി. നിഗംബോധ്ഘട്ടിൽ ഒരു പ്രധാനമന്ത്രിയുടെയും അന്തിമോപചാരം നടത്തിയിട്ടില്ല. സർക്കാറിന്റെ ഈ മനോഭാവം സിഖ് സമൂഹത്തിനെതിരെയാണോ കോൺഗ്രസിനെതിരെയാണോ അതോ മൻമോഹൻ സിങ്ങിനെതിരെയാണോയെന്നും പവൻ ഖേര ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.