ന്യൂഡൽഹി: രൂക്ഷമായ ജലക്ഷാമവുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാറിന്റെ ഹരജിയിൽ അംഗ സംസ്ഥാനങ്ങളുടെ അടിയന്തര യോഗം ജൂൺ അഞ്ചിന് വിളിച്ചുചേർക്കാൻ അപ്പർ യമുന റിവർ ബോർഡിനോട് സുപ്രീംകോടതി നിർദേശിച്ചു. യോഗം ചേർന്ന് നടപടികളും നിർദേശങ്ങളുമടങ്ങുന്ന മിനിറ്റ്സ് ഡൽഹിയുടെ ഹരജി പരിഗണിക്കുന്ന ജൂൺ ആറിന് സമർപ്പിക്കണം. കേന്ദ്രസർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യമായ നടപടികൾ സ്വീകരിക്കാനും സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് നിർദേശിച്ചു. ജലക്ഷാമം രൂക്ഷമായിരിക്കെ യമുന നദി വഴി അർഹമായ പങ്ക് വെള്ളം വിട്ടുനൽകുന്നതിൽ ഹരിയാന വീഴ്ചവരുത്തുന്നുവെന്ന് കാണിച്ച് ഡൽഹി സർക്കാർ ഫയൽ ചെയ്ത റിട്ട് ഹരജിയിലാണ് നടപടി.
ജല ഉപഭോഗം നിയന്ത്രിക്കുന്നതടക്കം നടപടികൾ സ്വീകരിച്ചിട്ടും സ്ഥിതിഗതികൾ വഷളാവുകയാണെന്ന് ഹരജിയിൽ പറയുന്നു. നേരത്തേ ഡൽഹിക്ക് അധികജലം വിട്ടുനൽകാൻ ഹിമാചൽ പ്രദേശ് സന്നദ്ധത അറിയിച്ചിരുന്നു. ഇതടക്കം വെള്ളം ഡൽഹിക്ക് ലഭിക്കണമെങ്കിൽ അതിർത്തി പങ്കിടുന്ന ഹരിയാനയുടെ സഹകരണം ആവശ്യമാണ്. എന്നാൽ, പ്രതിസന്ധി ഘട്ടത്തിലും ഹരിയാന കുറ്റകരമായ വീഴ്ച പുലർത്തുകയാണെന്നാണ് ഡൽഹിയുടെ വാദം. ഏതാനും ആഴ്ചകളായി ഉഷ്ണതരംഗ ഭീഷണി നിലനിൽക്കുന്ന ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിലാണ്. വാട്ടർ എ.ടി.എമ്മുകളടക്കം പദ്ധതികൾ പ്രവർത്തിക്കുന്നുമില്ല. പരിമിതമായ ടാങ്കറുകളിൽ എത്തിക്കുന്ന വെള്ളത്തിനായി മിക്കയിടത്തും മണിക്കൂറുകൾ നീളുന്ന വരികളാണ്. പ്രത്യേക കൺട്രോൾ റൂമടക്കം അടിയന്തര നടപടികൾ സജ്ജീകരിച്ച് പ്രതിസന്ധിയെ നേരിടാനുള്ള ശ്രമത്തിലാണ് സർക്കാർ. ജലദൗർലഭ്യം പ്രാദേശികതലത്തിൽ പരസ്യപ്രതിഷേധങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.