ന്യൂഡൽഹി: ഉത്തരേന്ത്യയിൽ പെയ്തിറങ്ങിയ പേമാരിക്കു പിന്നാലെ ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ് ഏറ്റവും ഉയർന്ന നിലയിലെത്തി. യമുന കരകവിഞ്ഞൊഴുകിയതോടെ നദീതീരങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടിയന്തര യോഗം വിളിച്ചു.
207.55 മീറ്ററാണ് നിലവിൽ യമുന നദിയിലെ ജലനിരപ്പ്. 45 വർഷം മുമ്പ് 207.40 മീറ്ററിലെത്തിയതാണ് ഇതുവരെയുള്ള റെക്കോഡ്. നിരവധി വീടുകളിലും വാണിജ്യ കേന്ദ്രങ്ങളിലും വെള്ളം കയറി. ജലനിരപ്പ് ഉയരുന്നതിനാൽ പലരും വീട്ടുസാധനങ്ങൾ ടെറസിലേക്ക് മാറ്റി. മഴക്കെടുതി നേരിടാൻ സർക്കാർ പൂർണ സജ്ജമാണെന്ന് നേരത്തെ കെജ്രിവാൾ അറിയിച്ചിരുന്നു.
സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി വെള്ളപൊക്ക സാധ്യത പ്രദേശങ്ങളിൽ ഡൽഹി പൊലീസ് ജനം ഒരുമിച്ചുകൂടുന്നതിന് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തി. നദിയിലെ ജലനിരപ്പ് ഇനിയും ഉയരാനുള്ള സാധ്യത കൂടുതലാണെന്ന് ജലവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ക്രമാതീതമായാണ് യമുനയിലെ ജലനിരപ്പ് ഉയർന്നത്.
വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളം കയറിയതിനെ തുടർന്ന് ഓൾഡ് റെയിൽവേ മേൽപാലത്തിലൂടെയുള്ള വാഹന ഗതാഗതവും ട്രെയിൻ സർവിസും നിർത്തിവെച്ചു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഉത്തരേന്ത്യയിൽ മരിച്ചവരുടെ എണ്ണം നൂറ് കടന്നിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ മാത്രം 80ഓളം പേരാണ് മരിച്ചത്.
വെള്ളപ്പൊക്കത്തിലും മഞ്ഞുവീഴ്ചയിലും വിദേശികളുൾപ്പെടെ മുന്നോറോളം പേർ സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. പഞ്ചാബിലും ഹരിയാനയിലും 15 പേരും മരിച്ചു. ഉത്തരാഖണ്ഡിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് തീർഥാടകരും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.