ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം അതിശക്തമാകുന്നു. ബുധനാഴ്ച്ച ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത് 17,282 പുതിയ കോവിഡ് കേസുകളാണ്. ഇത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് നിരക്കാണ്. നൂറിലധികം പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. രോഗികൾ ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് ഡൽഹിയെ ഏറ്റവും കൂടുതൽ അലട്ടുന്നത്. സംസ്ഥാനത്തെ പല വലിയ സ്വകാര്യ/സർക്കാർ ആശുപത്രികളിലും ഐ.സി.യു കിടക്കകൾ ഇല്ലാത്ത സാഹചര്യമാണെന്നും എയിംസിലെ ഒരു മുതിർന്ന ഡോക്ടർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കോവിഡ് വ്യാപനത്തിന്‍റെ വ്യാപ്തി കുറയുന്ന ലക്ഷണമൊന്നും കാണുന്നില്ലെന്നും, ഇതേ വേഗതയിൽ മുന്നോട്ടുപോവുകയാണെങ്കിൽ ഡൽഹിയുടെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ പാടെ തകരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വൈറസ് ബാധ ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഗവർണർ അനിൽ ബൈജലുമായി ഇന്ന് കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളായിരിക്കും ഇരുവരും ചർച്ച ചെയ്യുക. സംസ്ഥാനത്ത് കോവിഡ് പിടിവിട്ട രീതിയിൽ പടരുകയാണെന്നും നിലവിൽ അത് കുറയാനുള്ള യാതൊരു സാഹചര്യവുമില്ലെന്നും ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറയുന്നു. ഡൽഹിയിൽ 50,736 ആളുകളാണ് നിലവിൽ ചികിത്സയിലുള്ളത്. അതിൽ പകുതിയാളുകളും ഹോം ക്വാറന്‍റീനിലാണ്.
'സംസ്ഥാനത്തെ എയിംസ് ട്രോമ സെന്‍റർ രോഗികളാൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യമാണ്. മറ്റ് വാർഡുകളിൽ സൗകര്യമൊരുക്കിയെങ്കിലും അവയും നിറഞ്ഞുകവിഞ്ഞു. ഞങ്ങൾ കൂടുതൽ രോഗികളെ കിടത്താനുള്ള സൗകര്യങ്ങൾ ചേർക്കാൻ പദ്ധതിയിടുന്നുണ്ട്. -ട്രോമ സെന്‍റർ തലവനായ ഡോ. രാജേഷ് മൽഹോത്ര പറഞ്ഞു. 45 വയസോ അതിൽ കുറവോ, പ്രായമുള്ള നിരവധി യുവ രോഗികൾ കടുത്ത ലക്ഷണങ്ങളുമായി എയിംസിൽ വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്തെ സഫ്ദാർജംഗ് ആശുപത്രിയടക്കം നിരവധി സ്വകാര്യ ആശുപത്രികൾ വെന്‍റിലേറ്റർ സൗകര്യങ്ങളില്ലാത്തതിന്‍റെ പ്രതിസന്ധി നേരിടുന്നുണ്ട്. ചില കുടുംബങ്ങൾ ആശുപത്രികളിൽ നിന്ന് റെംഡെസിവിർ ലഭ്യമാകുന്നില്ലെന്ന പരാതികളുമുന്നയിച്ചിരുന്നു. "ആളുകൾക്ക് ആശുപത്രികളിൽ കിടക്ക ലഭിക്കുന്നില്ല. അതുകൊണ്ടാണ് മിതമായതും കഠിനവുമായ രോഗലക്ഷണങ്ങളുള്ളവരെ പോലും ടെലി, വീഡിയോ കൺസൾട്ടേഷൻ വഴി വീടുകളിലിരുത്തി ചികിത്സിക്കുന്നത്. അത്തരം രോഗികൾക്ക് ആവശ്യമായ മരുന്നുകൾ ലഭിക്കുന്നതിന് ചില സംവിധാനങ്ങൾ ഉണ്ടായിരിക്കണം, " -ഒരു ഡോക്ടർ പറഞ്ഞു.
തുടർച്ചയായ പനി, ന്യുമോണിയ എന്നിവയുൾപ്പെടെയുള്ള കോവിഡിന്‍റെ കടുത്ത ലക്ഷണങ്ങളോടെ എട്ട് മാസം പ്രായമുള്ള ശിശുക്കൾ പോലും ചികിത്സക്കെത്തുന്നുണ്ടെന്ന് നഗരത്തിലെ ആശുപത്രികൾ ചൂണ്ടിക്കാട്ടുന്നു. ''കോവിഡ് -19ന്‍റെ ഗുരുതരമായ ലക്ഷണങ്ങളുമായി ഇതുവരെ എട്ട് കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. അതിലൊരാൾക്ക് എട്ട് മാസം മാത്രമാണ് പ്രായം. മറ്റുള്ളവർ 12 വയസ്സിന് താഴെയുള്ളവരാണ്. ഇവർക്ക് ഉയർന്ന പനി, ന്യുമോണിയ, നിർജ്ജലീകരണം, രുചി നഷ്ടപ്പെടൽ എന്നിവ കാണപ്പെട്ടിട്ടുണ്ട്. " -ലോക് നായക് ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർ ഡോ. സുരേഷ് പറഞ്ഞു.
കോവിഡ് കാരണം നിരവധി കുട്ടികളാണ് ചികിത്സക്കായെത്തുന്നതെന്ന് ഗംഗാ റാം ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. കോവിഡ് ബാധിച്ച കുട്ടികളുടെ കുടുംബങ്ങളിൽ നിന്ന് ടെലി, വീഡിയോ കൺസൾട്ടേഷനായി ദിവസവും 20 മുതൽ 30 കോളുകൾ ലഭിക്കുന്നുണ്ടെന്ന് മുതിർന്ന ശിശുരോഗവിദഗ്ദ്ധൻ ഡോ. ധീരൻ ഗുപ്ത പറഞ്ഞു.
ദില്ലിയിലെ കോവിഡ് അനുബന്ധ മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ബുദ്ധിമുട്ടുന്നത് ശ്മശാനങ്ങളാണ്. പ്രതിദിനം 15 ആയിരുന്ന നിഗംബോധ് ഘട്ടിലെ ശവദാഹങ്ങളുടെ എണ്ണം 30 ആയി ഉയർന്നു. ബുധനാഴ്ച്ച സംസ്ഥാനത്ത് കോവിഡ് വൈറസ് മൂലം റിപ്പോർട്ട് ചെയ്തത് 104 മരണങ്ങളാണ്. നവംബർ 20ന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണസംഖ്യ കൂടിയാണിത്.
'ഞങ്ങൾ രാവിലെ എട്ടരയോടെ ഇവിടെയെത്തിയിരുന്നു. ഞങ്ങളുടെ അവസരം ഇതുവരെ വന്നിട്ടില്ല. സ്ഥിതി വളരെ മോശമാണ്. ഓരോ ആംബുലൻസിലും രണ്ടും മൂന്നും മൃതദേഹങ്ങളാണ് ശ്മശാനത്തിലേക്ക് കൊണ്ടുവരുന്നത്'. -മുത്തച്ഛന്‍റെ സംസ്കാര കർമങ്ങൾക്കായി കാത്തുനിൽക്കുകയായിരുന്ന 27 കാരനായ ഗൗതം പറഞ്ഞു. ശവസംസ്കാര കേന്ദ്രത്തിൽ സ്ഥലമില്ലാത്തതിനാൽ അഞ്ച് മണിക്കൂർ നേരത്തോളം അയാൾക്ക് കാത്തുനിൽക്കേണ്ടതായി വന്നിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം ഏപ്രിൽ മാസത്തിലെ 14 ദിവസങ്ങളിലായി ഡൽഹിയിൽ 513 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മാർച്ച് മാസം മുഴുവനായി 117 പേർ മാത്രമായിരുന്നു മരിച്ചത്. ഫെബ്രുവരിയിൽ അത് 57 ആയിരുന്നു. മരണം കൂടിയതോടെ സംസ്ഥാനത്തെ ശവസംസ്കാര കേന്ദ്രങ്ങളിൽ തിരക്ക് വർധിച്ചിരിക്കുകയാണ്. സംസ്കരിക്കാനായി മൃതദേഹങ്ങൾ കെട്ടിക്കിടക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.