അഹ്മദാബാദ്: തെരഞ്ഞെടുപ്പടുത്ത ഗുജറാത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനശരങ്ങളുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും. ചരക്ക് സേവന നികുതിയും (ജി.എസ്.ടി) നോട്ട് അസാധുവും ജനങ്ങൾക്ക് ഇരട്ടപ്രഹരമായെന്ന് വിശേഷിപ്പിച്ച മൻമോഹൻ, ഇതു രണ്ടും ചേർന്ന് സമ്പദ്വ്യവസ്ഥ സമ്പൂർണമായി തകർത്തെന്നും ചെറുകിട വ്യാപാരത്തിെൻറ നെട്ടല്ലൊടിച്ചെന്നും കുറ്റപ്പെടുത്തി. മോദിയുടെ തട്ടകമായ ഗുജറാത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച വ്യാപാരികളുടെയും കച്ചവടക്കാരുടെയും പൊതുയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്ര സർക്കാറിനെ അതിരൂക്ഷമായി കടന്നാക്രമിച്ചത്.
‘‘കൃത്യം ഒരുവർഷം മുമ്പ് നടപ്പാക്കിയ നോട്ട് റദ്ദാക്കൽ ജനങ്ങളെ കടന്നാക്രമിച്ചതിന് തുല്യമാണ്. വീണ്ടുവിചാരമില്ലാത്ത നശീകരണ പദ്ധതിയായിരുന്നു അത്. മാത്രമല്ല, പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാനായില്ല. ഞാൻ മുമ്പ് പാർലമെൻറിൽ പറഞ്ഞത് ആവർത്തിക്കുന്നു; നോട്ട് അസാധുവാക്കൽ സംഘടിത കൊള്ളയും നിയമവിധേയ പിടിച്ചുപറിയുമാണ്’’-മൻമോഹൻ പറഞ്ഞു.
ജനങ്ങൾക്ക് തിരിച്ചടിയാകുമെന്ന് ബോധ്യമുള്ളതിനാലാണ് നോട്ട് അസാധുവാക്കലിന് കോൺഗ്രസ് സർക്കാർ തയാറാകാതിരുന്നത്. വിനിമയത്തിലുള്ള കറൻസിയുടെ 86 ശതമാനം മൂല്യം വരുന്ന നോട്ടുകൾ പിൻവലിച്ചതുപോലുളള കടുത്ത നടപടി ലോകത്ത് മറ്റൊരു രാജ്യവും കൈക്കൊണ്ടിട്ടില്ലെന്ന് സാമ്പത്തിക വിദഗ്ധൻ കൂടിയായ മൻമോഹൻ ചൂണ്ടിക്കാട്ടി.
കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയാൽ ജി.എസ്.ടി വിപ്ലവകരമായ നടപടിയാണ്. മുഖ്യമന്ത്രിയായിരുന്നപ്പോൾ എതിർക്കുകയും പ്രധാനമന്ത്രിയായപ്പോൾ മനസ്സുമാറി അത് നടപ്പാക്കുകയും ചെയ്ത മോദിയെ താൻ അഭിനന്ദിക്കുന്നു.
എന്നാൽ, ജി.എസ്.ടി നടത്തിപ്പിലെ പിഴവുകളും പോരായ്മകളും ജനങ്ങളെ ദുരിതത്തിലാക്കുകയാണെന്ന് മൻമോഹൻ പറഞ്ഞു. അതിനിടെ, ബുധനാഴ്ച വീണ്ടും ഗുജറാത്തിലെത്തുന്ന രാഹുൽ ഗാന്ധി നോട്ട് അസാധുവിനെതിരെ സൂറത്തിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധപരിപാടിയിൽ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.