ദാമ്പത്യ ജീവിതത്തിൽ ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയ്ക്ക് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി ഛത്തീസ്ഗഡ് ഹൈകോടതി യുവാവിന് വിവാഹമോചനം അനുവദിച്ചു. ആരോഗ്യകരമായ ദാമ്പത്യത്തിന് ശാരീരിക ബന്ധം അനിവാര്യമാണെന്ന് ജസ്റ്റിസുമാരായ പി സാം കോശി, പാർത്ഥ പ്രതിം സാഹു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
"ഭാര്യ ഈ കേസിൽ ക്രൂരത ചെയ്തിട്ടുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആരോഗ്യകരമായ ദാമ്പത്യ ജീവിതത്തിന് ശാരീരിക ബന്ധം അനിവാര്യമാണ്. കഴിഞ്ഞ 10 വർഷമായി ദമ്പതികൾ തമ്മിൽ ശാരീരിക ബന്ധമൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ പരാതിക്കാരനോട് ഭാര്യ ക്രൂരമായാണ് പെരുമാറിയത്" കോടതി ചൂണ്ടികാട്ടി.
2007 നവംബർ 25നാണ് ബിലാസ്പൂർ സ്വദേശിയായ യുവാവും ബെമെതാര ജില്ലയിലെ യുവതിയും വിവാഹിതരായത്. വിവാഹത്തിന് ശേഷം 2008ൽ തീജ് ഉത്സവത്തിന് സ്വദേശത്തേക്ക് പോയ ഭാര്യ രക്ഷാബന്ധന് ശേഷമാണ് ഭർത്താവിന്റെ അടുത്തേക്ക് മടങ്ങിയത്. 2010ൽ സ്വദേശത്തേക്ക് പോയ ഇവർ പിന്നീട് 2014വരെ പ്രധാന ഉത്സവങ്ങൾക്കോ ജന്മദിനങ്ങൾക്കോ പോലുംഭർത്താവിന്റെ അടുത്തേക്ക് മടങ്ങിയില്ല. ഇതിനിടെ 2011 ജൂലൈയിൽ ഹർജിക്കാരന്റെ പിതാവ് മരിച്ച സമയത്ത് യുവതി കുറച്ചുകാലം ഭർത്താവിനൊപ്പം താമസിച്ചിരുന്നു. താമസിയാതെ വീണ്ടും മാതാപിതാക്കളുടെ അടുത്തേക്ക് തന്നെ പോയി.
2014 ജൂലൈ 26നാണ് യുവതി ഭർതൃവീട്ടിലേക്ക് അവസാനമായി വന്നത്. പിന്നാലെ മാതാപിതാക്കളുടെ വീട്ടിലേക്ക് തന്നെ മടങ്ങി പോയി. ഹരജിക്കാരൻ ഭാര്യയെ മൊബൈൽ ഫോണിൽ വിളിച്ച് മടങ്ങിവരാൻ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു. പകരം, ബെമെതാരയിൽ വന്ന് സ്ഥിരതാമസമാക്കാൻ ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു.
ഭാര്യയുടെ പെരുമാറ്റത്തിൽ സഹികെട്ട ഇയാൾ ഹിന്ദു വിവാഹ നിയമ പ്രകാരം വിവാഹമോചന ഹർജി ഫയൽ ചെയ്തു. എന്നാൽ 2017 ഡിസംബർ 13-ന് കുടുംബ കോടതി അദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ചു. ഇതിനെതിരെ ഛത്തീസ്ഗഡ് ഹൈകോടതിയിൽ നൽകിയ അപ്പീലിലാണ് ഇപ്പോൾ വിധിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.