ദേവഗൗഡ

നവതിയിലും പ്രചാരണം നയിച്ച് ദേവഗൗഡ

ബംഗളൂരു: നവതിയിലും തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമാണ് മുൻ പ്രധാനമന്ത്രിയും ജെ.ഡി-എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ. മേയ് 18ന് അദ്ദേഹത്തിന് 90 വയസ്സ് തികയുകയാണ്. പ്രചാരണം നയിക്കേണ്ട നിയമസഭ കക്ഷി നേതാവും രണ്ടാമത്തെ മകനുമായ എച്ച്.ഡി. കുമാരസ്വാമി ശ്വാസതടസ്സത്തെ തുടർന്ന് ഏതാനും ദിവസമായി ബംഗളൂരുവിലെ ആശുപത്രിയിലായിരുന്നു.

കഴിഞ്ഞദിവസം ആശുപത്രിവിട്ട അദ്ദേഹവും പൊതുവേദിയിൽ തിരിച്ചെത്തി. ആശുപത്രിവാസവും വിശ്രമവും കഴിഞ്ഞാണ് ദേവഗൗഡയും ആൾക്കൂട്ടത്തിലേക്കിറങ്ങുന്നത്. നേതാക്കളുടെ അവശതയും പ്രാരബ്ധവും പാർട്ടിയിലേക്കും പടരുന്ന കാലം.

ഈ തെരഞ്ഞെടുപ്പിൽ തിരിച്ചുവരവ് സാധ്യമായില്ലെങ്കിൽ ജെ.ഡി-എസിന്റെ നിലനിൽപുതന്നെ ഭീഷണിയിലാണ്. സിറ്റിങ് എം.എൽ.എമാരടക്കം മുതിർന്ന നേതാക്കൾ പലരും എതിർചേരികളിൽ ചേക്കേറി. ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്നൊക്കെ വീമ്പ് പറയുന്നുണ്ടെങ്കിലും 2018ൽ പാർട്ടി നേടിയ 37 സീറ്റ് നിലനിർത്തുന്നതുതന്നെ എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പ്രായത്തിന്റെ അവശത മറന്ന് ദേവഗൗഡ വീണ്ടും പാർട്ടിയെ തോളിലേറ്റുന്നത്.

2019 ലോക്സഭ തെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ട തുമകുരുവിലായിരുന്നു ആശുപത്രിവിട്ട ശേഷമുള്ള ആദ്യ സന്ദർശനം. മധുഗിരിയിൽ പ്രസംഗിക്കവെ അദ്ദേഹം വികാരഭരിതനായി. കഴിഞ്ഞതൊന്നും താൻ മറക്കാൻ പോകുന്നില്ലെന്ന് വിതുമ്പലോടെ വിറയാർന്ന വാക്കുകളിൽ അദ്ദേഹം പറഞ്ഞു. തോൽവികൊണ്ട് കോൺഗ്രസ് സ്ഥാനാർഥി കെ.എൻ. രാജണ്ണയുടെ കണ്ണുനിറയുന്നത് തനിക്ക് കാണണമെന്ന് ഗൗഡ ആഗ്രഹം പ്രകടിപ്പിച്ചു.

വീരഭ​ദ്രയ്യയാണ് മധുഗിരിയിൽ ജെ.ഡി-എസിന്റെ സ്ഥാനാർഥി. സിറ, മധുഗിരി, കൊരട്ടഗരെ തുടങ്ങിയ മണ്ഡലങ്ങളിലും ദേവഗൗഡ പ്രചാരണം നയിച്ചു. വരുംദിവസങ്ങളിൽ പഴയ മൈസൂരു മേഖലയിലെ വൊക്കലിഗ ബെൽറ്റുകളിൽ അദ്ദേഹം പ്രചാരണത്തിനിറങ്ങും.

വൊക്കലിഗ സമുദായത്തിലെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാവുകൂടിയാണ് ദേവഗൗഡ. ജെ.ഡി-എസ് കർണാടക അധ്യക്ഷൻ സി.എം. ഇബ്രാഹിം ദേവഗൗഡയുടെ വലംകൈയായി പ്രചാരണത്തിനുണ്ട്. ഇത്തവണ 207 സീറ്റുകളിലാണ് ജെ.ഡി-എസ് മത്സരിക്കുന്നത്. 

Tags:    
News Summary - Devegowda also led the campaign in Navati

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.