'ലവ് ജിഹാദ്' പ്രധാന വിഷയം, ബംഗാൾ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കും -ശിവസേന

മുംബൈ: 'ലവ് ജിഹാദ്' പ്രധാന വിഷയമാണെന്നും പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ചർച്ചയാക്കുമെന്നും ശിവസേന. ലവ് ജിഹാദിനെ ചൊല്ലിയുള്ള കോലാഹലത്തിനിടെ ശിവസേന നേതാവ് സഞ്ജയ് റാവത്താണ് പ്രധാന ചർച്ചാ വിഷയമാക്കുമെന്ന പ്രസ്താവനയുമായി രംഗത്ത് വന്നത്.

'ലവ് ജിഹാദിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. ഇത് ഗൗരവമേറിയ കാര്യമാണെന്ന് ഞാൻ കരുതുന്നു. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നു. അതിൽ വികസനം ഒരു പ്രധാന വിഷയം തന്നെയാണ്, പക്ഷേ ലവ് ജിഹാദ് ചർച്ചചെയ്യപ്പെടും -റാവത്ത് പറഞ്ഞു.

'മഹാരാഷ്ട്രയിലും ചിലർ ഈ വിഷയം ഉന്നയിക്കുന്നുണ്ട്, സർക്കാർ എപ്പോഴാണ് ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരികയെന്ന് ചോദിക്കുന്നുണ്ട്. ഞാൻ ഇന്ന് മുഖ്യമന്ത്രിയോട് സംസാരിച്ചു. ബിഹാർ സർക്കാർ തയ്യാറാക്കിയ നിയമം പരിശോധിച്ച ശേഷം അത് മഹാരാഷ്ട്രയിൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണ പരാജയം മറച്ചുപിടിക്കാനുള്ള സൃഷ്ടിയാണ് ലവ് ജിഹാദെന്ന് മഹാരാഷ്ട്ര മന്ത്രി അസ്​ലം ശൈഖ് പറഞ്ഞിരുന്നു. ഭരണ പരാജയത്തിനെതിരെ രോഷം ഉയരുമ്പോഴാണ് അവർ ലവ് ജിഹാദെന്നും മറ്റും പറഞ്ഞ് നിയമങ്ങൾ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മഹാരാഷ്ട്ര സർക്കാറിന് വിഷയത്തിൽ ജാഗ്രതയുണ്ട്, സംസ്ഥാനത്ത് അത്തരം നിയമങ്ങൾ കൊണ്ടുവരേണ്ട ആവശ്യമില്ല. അതിനാൽ അപ്രസക്തമായ നിയമം മഹാരാഷ്ട്രയിൽ നടപ്പാക്കുകയോ നിർമ്മിക്കുകയോ ചെയ്യില്ല. ഭരണഘടനയിൽ, ഈ രാജ്യത്തെ പൗരൻ എന്ന് എഴുതിയിരിക്കുന്നു, അതുപ്രകാരം എവിടെ വേണമെങ്കിലും താമസിക്കാം, രാജ്യത്ത് ആരെയും വിവാഹം കഴിക്കാം, ഏത് മതവും സ്വീകരിക്കാം. നിർബന്ധിച്ച് എന്തെങ്കിലും ചെയ്താൽ അത് കൈകാര്യം ചെയ്യാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. -അദ്ദേഹം പറഞ്ഞു.

ലവ് ജിഹാദിനെയും നിർബന്ധിത മതപരിവർത്തനത്തെയും തടയാൻ കർശനമായ നിയമം നടപ്പാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ലവ് ജിഹാദിനെതിരെ സംസ്ഥാനത്തിന് ഉടൻ നിയമമുണ്ടാകുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ നയിക്കുന്ന മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ ഇതിന് മുമ്പ് പറഞ്ഞിരുന്നു. ലവ് ജിഹാദിനെതിരെ കർണാടക കർശന നിയമവും രൂപപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Development major issue in West Bengal polls but 'love jihad' will also be discussed, says Sanjay Raut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.