ദേവേന്ദ്ര ഫഡ്നാവിസ്, ബദ്‍ലാപൂർ കേസിലെ പ്രതി

ബദ്‍ലാപൂർ പ്രതിയെ വെടിവെച്ച് കൊന്ന സംഭവം; പൊലീസിന്‍റേത് സ്വയംപ്രതിരോധമെന്ന് ഫഡ്നാവിസ്

മുംബൈ: മഹാരാഷ്ട്രയിലെ ബദ്‍ലാപൂരിൽ സ്കൂളിലെ ശുചിമുറിയിൽ നാലും അഞ്ചും വയസ്സുള്ള കുട്ടികൾക്ക് നേ​രെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ വെടിവെച്ചുകൊന്ന സംഭവത്തിൽ പൊലീസിന് വീഴ്ച വന്നെന്ന പ്രതിപക്ഷ വിമർശനത്തെ പ്രതിരോധിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പൊലീസുകാർ സ്വയരക്ഷക്കായാണ് പ്രതിക്കു നേരെ വെടിയുതിർത്തതെന്നും സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നും ഫഡ്നാവിസ് പ്രതികരിച്ചു.

“പ്രതിപക്ഷം ഒരേ വിഷയത്തിൽ പലപ്പോഴായി പല സമീപനം സ്വീകരിക്കുകയാണ് ചെയ്യുന്നത്. പ്രതിയെ തൂക്കിക്കൊല്ലണമെന്ന് അവർ മുറവിളി കൂട്ടിയിരുന്നു. എന്നാലിപ്പോൾ അയാൾ പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ കൊല്ലപ്പെട്ടു. പൊലീസുകാർക്ക് അവരുടെ സ്വയരക്ഷയും നോക്കേണ്ടേ? ഇതൊരു വലിയ പ്രശനമാക്കുന്നത് ശരിയല്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്തിനും ഏതിനും വിമർശിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്” -ഫഡ്നാവിസ് പറഞ്ഞു.

കേസിൽ പ്രതിയായ അക്ഷയ് ഷി​ണ്ഡെ എന്നയാളാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. അറസ്റ്റിലായ ഇയാളെ തലോജ ജയിലിൽനിന്ന് തെളിവെടുപ്പിനായി വാഹനത്തിൽ ബദ്‍ലാപൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ തിങ്കളാഴ്ച ​വൈകിട്ട് 5.30ഓടെയാണ് സംഭവം. പൊലീസ് ഓഫിസർമാരിൽ ഒരാളുടെ തോക്ക് തട്ടിപ്പറിച്ച് പ്രതി വെടിയുതിർത്തപ്പോൾ തിരിച്ച് വെടിവെക്കുകയായിരുന്നെന്നാണ് ​പൊലീസിന്റെ വിശദീകരണം. ഗുരുതര പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

സ്കൂളിൽ ശുചീകരണ തൊഴിലാളിയായിരുന്ന ഷിണ്ഡെ ലൈംഗികാതിക്രമം നടത്തിയതിന് ആഗസ്റ്റ് 17നാണ് അറസ്റ്റിലാകുന്നത്. അ​ന്വേഷണത്തിൽ പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി നാട്ടുകാർ ട്രെയിൻ തടയൽ ഉൾപ്പടെയുള്ള പ്രതിഷേധത്തിനിറങ്ങുകയും ​പ്രതിപക്ഷ പാർട്ടികൾ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയും ​ചെയ്ത​തോടെ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.​ഐ.ടി) കൈമാറിയിരുന്നു. സംഭവം ഉടൻ പൊലീസിനെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ സ്കൂൾ ചെയർമാനും സെക്രട്ടറിക്കുമെതിരെ പോക്സോ കേസ് ചുമത്തിയിരുന്നു. ഇരുവരും അറസ്റ്റിന് മുമ്പ് മുൻകൂർ ജാമ്യത്തിനായി ബോംബെ ഹൈകോടതി​യെ സമീപിച്ചിട്ടുണ്ട്.

Tags:    
News Summary - Devendra Fadnavis rejects criticism on Badlapur case: Self-defence by cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.