ഹരിയാന തെരഞ്ഞെടുപ്പിന് മുമ്പ് വിഡിയോയുമായി ധ്രുവ് റാഠി; 'നാളെ മറക്കരുത്, ഓരോ വോട്ടും നിർണായകം'

ഹരിയാനയിൽ നാളെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് നടക്കാനിരിക്കെ, എല്ലാവരും നിർബന്ധമായും വോട്ട് ചെയ്യണമെന്ന് ആഹ്വാനവുമായി യൂട്യൂബർ ധ്രുവ് റാഠി. ഓരോ വോട്ടറും സമ്മതിദാനം രേഖപ്പെടുത്തേണ്ടത് സുപ്രധാനമാണെന്ന് ധ്രുവ് റാഠി വിഡിയോയിൽ ഓർമിപ്പിച്ചു.

'നാളെ ഒക്ടോബർ അഞ്ച്. ഹരിയാനയിൽ വോട്ടെടുപ്പ് നടക്കുന്നത് അന്നാണ്. എല്ലാവരും വോട്ട് ചെയ്യാൻ നിർബന്ധമായും പോകണം. കൂടുതൽ ഒന്നും പറയുന്നില്ല. ഹരിയാനയിലെ ജനങ്ങൾ വിവരമുള്ളവരാണ്. ഓരോ വോട്ടും നിർണായകമാണെന്നത് മറക്കരുത്. എന്തു ഫലമാണ് വരുന്നതെന്നും ഏതു പാർട്ടി അധികാരത്തിലെത്തുമെന്നും അറിയാമെന്നുള്ള തെറ്റിദ്ധാരണയിൽ വോട്ടുചെയ്യാതിരിക്കരുത്. ഓരോരുത്തരും അങ്ങനെ ചിന്തിച്ചാൽ ആരും വോട്ട് ചെയ്യാൻ പോകില്ല.

ഓരോ വോട്ടറും സമ്മതിദാനം രേഖപ്പെടുത്തേണ്ടത് സുപ്രധാനമാണ്. ഇക്കാര്യം ഓർമയിലിരിക്കട്ടെ. കുറച്ചുസമയം അതിനായി നീക്കിവെക്കണം. ശനിയാ​​ഴ്ചയിലെ അവധി നമുക്ക് ആഘോഷിക്കാം. പക്ഷേ, അതിനിടയിൽ അൽപസമയം ഉപയോഗപ്പെടുത്തി വോട്ട് ചെയ്യാൻ നിർബന്ധമായുംപോകണം' -ധ്രുവ് റാഠി വിഡിയോയിൽ പറഞ്ഞു. 

ഒരു മാസം നീണ്ടുനിന്ന പ്രചാരണത്തിനൊടുവിലാണ് നാളെ ഹരിയാന പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. 22 ജില്ലകളിലെ 90 മണ്ഡലങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തുടർച്ച പ്രതീക്ഷിക്കുമ്പോള്‍ സംസ്ഥാനഭരണത്തിലേക്കുള്ള തിരിച്ചുവരവാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

2019ലെ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകളുമായി ബി.ജെ.പിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 31 സീറ്റിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. 10 സീറ്റില്‍ വിജയിച്ച ജെ.ജെ.പി നിർണായക ശക്തിയാവുകയും ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെട്ട് സർക്കാറിന്‍റെ ഭാഗമാവുകയും ചെയ്തു. ഇത്തവണ കർഷക പ്രശ്നങ്ങള്‍, അഗ്നിവീർ പദ്ധതി, ഗുസ്തിതാരങ്ങളുടെ പ്രതിഷേധം, തൊഴിലില്ലായ്മ തുടങ്ങി നിരവധി വിഷയങ്ങൾ പ്രധാന ചർച്ചയായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ തിരിച്ചെത്താമെന്നാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ. 

Tags:    
News Summary - Dhruv Rathee message to voters amid Haryana Assembly Election 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.