മലപ്പുറം: സ്വാതന്ത്ര്യ സമര രക്തസാക്ഷികളെ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച നിഘണ്ടുവിൽനിന്ന് ദക്ഷിണേന്ത്യക്കാരുടെ വിവരങ്ങളടങ്ങിയ ഭാഗം പിൻവലിച്ചു. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ ജീവത്യാഗം ചെയ്തവരുടെ പേരുവിവരങ്ങളാണ് ഒഴിവാക്കിയത്.
2019 മാർച്ച് ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ത്യൻ ചരിത്ര ഗവേഷണ സമിതി (ഐ.സി.എച്ച്.ആർ) തയാറാക്കിയ പുസ്തകം പ്രകാശനം ചെയ്തത്. 1857 മുതൽ 1947 വരെ നടന്ന സമരങ്ങളിൽ പങ്കെടുത്തവരുടെ ചെറുവിവരണങ്ങളുള്ള ഇതിൽ ദക്ഷിണേന്ത്യക്കാരുടെ വിവരങ്ങൾ അഞ്ചാം വാള്യത്തിലായിരുന്നു. ഈ ഭാഗമാണ് സാംസ്കാരിക വകുപ്പ് വെബ്സൈറ്റിൽനിന്ന് കഴിഞ്ഞ ദിവസം അപ്രത്യക്ഷമായത്. ബ്രിട്ടീഷുകാർക്കെതിരെ നടന്ന ശ്രദ്ധേയ പോരാട്ടമായ മലബാർ വിപ്ലവത്തിന് നേതൃത്വം നൽകി രക്തസാക്ഷികളായ ആലി മുസ്ലിയാരും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും അടക്കം നിരവധി പോരാളികളുടെ വിവരങ്ങളുണ്ടായിരുന്നു. സംഘ്പരിവാറിെൻറ സമ്മർദത്തെ തുടർന്നാണ് നടപടിയെന്നാണ് സൂചന.
അഞ്ച് വാള്യങ്ങളുള്ള നിഘണ്ടുവിൽ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്ലിയാരുടെയും പേരുകളുണ്ടെന്ന വിവരം ഇൗയിടെയാണ് പുറത്തുവന്നത്. ഇതിന് പിറകെ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഹിന്ദു വിരുദ്ധ ആക്രമണമാണ് മലബാറിൽ നടന്നതെന്നും വംശഹത്യക്ക് നേതൃത്വം നൽകിയവരാണ് മലബാർ സമര നേതാക്കളെന്നും സംഘ്പരിവാർ അനുകൂല ചരിത്രകാരന്മാരുൾപ്പെടെ പ്രചരിപ്പിക്കുന്നവരുടെ വിശദാംശങ്ങൾ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്നൊഴിവാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
1921ലെ പോരാട്ടത്തിെൻറ നൂറാം വാർഷികത്തിൽ, വാരിയൻകുന്നത്തിെൻറ പോരാട്ട കഥ പറയുന്ന പൃഥ്വിരാജ് നായകനായ സിനിമ പ്രഖ്യാപനത്തിനെതിരെയും സംഘ്പരിവാർ രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് അദ്ദേഹം കേന്ദ്ര സർക്കാർ തയാറാക്കിയ ചരിത്ര നിഘണ്ടുവിൽ രക്തസാക്ഷിയായി സ്ഥാനം പിടിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്.
283 പേജുള്ള വാള്യത്തിൽ 22, 248 പേജുകളിലാണ് ആലി മുസ്ലിയാരെയും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും പരാമർശിച്ചിരുന്നത്. ആലി മുസ്ലിയാരുടെ സഹചാരിയായിരുന്ന കുഞ്ഞഹമ്മദ് ഹാജിയെയും പിതാവിനെയും ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചതിെൻറ പേരിൽ മക്കയിലേക്ക് നാടുകടത്തിയിരുന്നു. തിരിച്ചുവന്ന അദ്ദേഹം ഖിലാഫത്ത് പ്രസ്ഥാനത്തിെൻറ നേതാവായി പോരാട്ടം തുടർന്നു. പിന്നീട് സ്വതന്ത്ര രാജ്യം സ്ഥാപിക്കുകയും ചെയ്തു. കാളികാവിെല കല്ലാമൂലയിൽനിന്ന് ബ്രിട്ടീഷുകാർ പിടികൂടിയ വാരിയൻകുന്നത്തിനെ 1922 ജനുവരി 22ന് വെടിവെച്ചു കൊന്നതായും ഇതിലുണ്ടായിരുന്നു. മലബാർ വിപ്ലവം നയിച്ച ആലി മുസ്ലിയാരെ 1922 ഫെബ്രുവരി 17ന് തൂക്കിക്കൊന്നതും നിഘണ്ടുവിൽ രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.