ബംഗളൂരു: ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയിൽ ചേർന്ന ജെ.ഡി.എസ് നിലപാടിനൊപ്പം തങ്ങളില്ലെന്ന് കേരള ഘടകം ദേശീയ നേതൃത്വത്തെ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസും മന്ത്രി കെ. കൃഷ്ണൻകുട്ടിയുമാണ് ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡയെ ബംഗളൂരുവിൽ കണ്ട് നിലപാടറിയിച്ചത്. ബി.ജെ.പിക്കൊപ്പം ഒരുനിലക്കും യോജിച്ച് പോകാനാകില്ലെന്ന് മാത്യു ടി. തോമസ് പറഞ്ഞു. 2006ലും വ്യത്യസ്ത നിലപാടുമായി കേരള ഘടകവും ദേശീയ നേതൃത്വവും മുന്നോട്ടുപോയ ചരിത്രമുണ്ട്. എൻ.ഡി.എ പ്രവേശനകാര്യത്തിൽ കർണാടകയിലെ സാഹചര്യമാണ് ദേശീയ നേതൃത്വം പരിഗണിച്ചത്. കേരള ഘടകത്തിന്റെ വികാരം ദേവഗൗഡ ഉൾക്കൊണ്ടതായും മാത്യു ടി. തോമസ് ബംഗളൂരുവിൽ പറഞ്ഞു. ദേശീയ തലത്തിലെ ബി. ജെ.പിയുടെ സഖ്യകക്ഷി കേരളത്തിൽ എൽ.ഡി.എഫിനൊപ്പമാണെന്ന പ്രചാരണം യു.ഡി.എഫ് ശക്തമാക്കിയിട്ടുണ്ട്. ബി. ജെ.പി ബന്ധമുള്ള പാർട്ടിയായി ഇടതുമുന്നണിയിൽതുടരാനാവില്ലെന്ന് സി.പി.എമ്മും വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ഗൗഡയുമായുള്ള കൂടിക്കാഴ്ച.
കൂടിക്കാഴ്ചക്കുശേഷമുള്ള കാര്യങ്ങൾകൂടി വിലയിരുത്തിഒക്ടോബർ ഏഴിന് സംസ്ഥാന സമിതിയിൽ അന്തിമതീരുമാനമെടുക്കും. 2006ൽ ജെ.ഡി.എസ് എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമായപ്പോഴും കേരള ഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വന്തമായി നില്ക്കുകയായിരുന്നു.
അതിനിടെ, എൻ.ഡി.എയിൽ ചേർന്ന തീരുമാനത്തിനെതിരെ കർണാടക ജെ.ഡി.എസിൽ എതിർപ്പ് പുകയുകയാണ്. സംസ്ഥാന പ്രസിഡന്റ് സി.എം. ഇബ്രാഹിമും കടുത്ത അതൃപ്തിയിലാണ്. ‘‘ദേവഗൗഡ എനിക്ക് പിതാവിനെപ്പോലെയും കുമാരസ്വാമി സഹോദരനെപ്പോലെയുമാണ്. ഞാൻ സംസ്ഥാന പ്രസിഡന്റാണ്. എന്നാൽ, എൻ.ഡി.എ പ്രവേശന ചർച്ചക്കായി ഡൽഹിയിൽ പോകുന്നതു സംബന്ധിച്ച് അവർ എന്നോട് ഒരു വാക്കുപോലും പറഞ്ഞില്ല. എന്താണ് തീരുമാനമെന്നും അറിയിച്ചില്ല. അതിനാൽ അതിനോട് പ്രതികരിക്കേണ്ട കാര്യമില്ല’’ -മുൻ കേന്ദ്രമന്ത്രി കൂടിയായ ഇബ്രാഹിം പറഞ്ഞു. 16ന് സമാനചിന്താഗതിയുള്ള പ്രവർത്തകരുടെയും നേതാക്കളുടെയും യോഗം വിളിച്ച് ഭാവിപരിപാടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുമകുരു ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് എസ്. ഷാഫി അഹ്മദ്, സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഷഫീഉല്ല, പാർട്ടി വക്താവ് യു.ടി. ഫർസാന എന്നിവർ ഇതിനകം രാജിവെച്ചിട്ടുണ്ട്. നിയമസഭ കക്ഷി ഉപനേതാവ് ശാരദ പുരനായക്, ശരണ ഗൗഡ പാട്ടീൽ കണ്ടക്കൂർ, ന്യാമരാജ നായിക് തുടങ്ങിയവരും സഖ്യത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇതോടെ പാർട്ടി കർണാടകത്തിൽ പിളർപ്പിലേക്ക് നീങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.