ചെന്നൈ: കേരളത്തിലെ ഇടതുസർക്കാറും വൈദ്യുതി നിരക്ക് കൂട്ടിയതറിഞ്ഞില്ലേയെന്ന് സി.പി.എം തമിഴ്നാട് നേതൃത്വത്തോട് ഡി.എം.കെ മുഖപത്രമായ 'മുരശൊലി'. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ വൈദ്യുതി ചാർജ് വർധന പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന്, വൈദ്യുതി ചാർജ് വർധന പിൻവലിക്കണമെന്ന് സി.പി.എം തമിഴ്നാട് സെക്രട്ടറി കെ. ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.
ഇതിന് മറുപടിയായാണ് പാർട്ടി പത്രത്തിന്റെ പ്രതികരണം. ഏത് ജനകീയ സർക്കാറായാലും പ്രത്യേക സാഹചര്യങ്ങളിൽ ഇത്തരം നടപടികൾ സ്വീകരിക്കേണ്ടിവരും. ഇത്തരം വർധന പാവപ്പെട്ട ജനവിഭാഗങ്ങളെ ബാധിക്കാത്തവിധം നടപ്പാക്കുകയാണ് വേണ്ടത്. ഡി.എം.കെക്കും സഖ്യകക്ഷികൾക്കുമിടയിൽ അസ്വാരസ്യം സൃഷ്ടിക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനും എതിർകക്ഷികൾ സന്ദർഭം കാത്തുനിൽക്കേ ഇത്തരം പ്രസ്താവനകൾ ഇതിന് അവസരം നൽകുന്നതാണെന്നും അതിനാൽ ജാഗ്രതയോടെ ഒരുമിച്ച് മുന്നോട്ടുപോകാമെന്നും 'മുരശൊലി' പറയുന്നു. അതിനിടെ കേരളത്തിലുള്ളതിനേക്കാൾ കുറഞ്ഞ വൈദ്യുതി നിരക്കാണ് തമിഴ്നാട്ടിലുള്ളതെന്ന് വൈദ്യുതി മന്ത്രി ശെന്തിൽ ബാലാജി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.