മുംബൈ: സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഒന്നിക്കുന്ന കാര്യത്തിൽ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇൻഡ്യ’യിലെ സഖ്യകക്ഷികൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ചുനിൽക്കണമെന്നാണ് സഖ്യകക്ഷികൾക്കിടയിലെ പൊതുവികാരമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില സംസ്ഥാനങ്ങളിൽ കോൺഗ്രസ് ശക്തമാണ്. അതുപോലെ ചിലയിടങ്ങളിൽ അവിടത്തെ പ്രാദേശിക പാർട്ടികളും. അതിനാൽ വിശാലമായ ചർച്ച അനിവാര്യമാണെന്നും ലോക്സഭ തെരഞ്ഞെടുപ്പിലേതുപോലെ നിയമസഭ തെരഞ്ഞെടുപ്പിൽ തീരുമാനമെടുക്കുക എളുപ്പമല്ലെന്നും പവാർ വ്യക്തമാക്കി.
‘അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ രാഷ്ട്രീയാന്തരീക്ഷം പ്രതിപക്ഷ പാർട്ടികൾക്ക് അനുകൂലമാണ്. എന്നാൽ, കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടാകുമോ എന്നതിൽ കൃത്യമായ വിവരം തനിക്കില്ല’–പവാർ പറഞ്ഞു. കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പഞ്ചാബ് അടക്കം കൂടുതൽ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് ഭരണമില്ലെന്നും ഭരണത്തിലുള്ള പലയിടങ്ങളിലും അട്ടിമറിയിലൂടെ അധികാരം പിടിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.