ഭോപാൽ: രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകി കോൺഗ്രസ് നേതാവ് ദിഗ്വിജയ സിങ്. രാമക്ഷേത്രത്തിന് സംഭാവന നൽകുന്ന ആദ്യ കോൺഗ്രസ് നേതാവാണ് ഇദ്ദേഹം.
1,11,111 രൂപയാണ് ദിഗ്വിജയ സിങ് സംഭാവന നൽകിയത്. സംഭാവന ചെക്കിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തും അദ്ദേഹം അയച്ചു.
വിശ്വ ഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തിലാണ് ക്ഷേത്ര നിർമാണത്തിനുള്ള പണപിരിവ്. 44 ദിവസം നീണ്ടുനിൽക്കുന്ന കാമ്പയിൽ ജനുവരി 15നാണ് ആരംഭിച്ചത്. കാമ്പയിനിനൊപ്പം റാലികളും സംഘടിപ്പിച്ചിരുന്നു.
'ലാത്തിയും വാളും ഉയർത്തുന്നതും മറ്റൊരു ജനവിഭാഗത്തെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കുന്നതും യാതൊരു മത ചടങ്ങുകളുടെയും ഭാഗമല്ല. ഇത്തരം പ്രവർത്തനങ്ങൾ ഹിന്ദു മതത്തിന്‍റെ ഭാഗമല്ലെന്നും സിങ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ സൂചിപ്പിക്കുന്നു.
പണപരിപിരിവ് തുടങ്ങിയതിന് ശേഷം മൂന്ന് വർഗീയ സംഭവങ്ങൾ മധ്യപ്രദേശിൽ അരങ്ങേറി. ഉജ്ജയിൻ, ഇന്ദോർ, മൻഡസോർ ജില്ലകളിലായിരുന്നു അവ. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ നിർദേശം നൽകണം. മറ്റു മതവിഭാഗങ്ങൾ ക്ഷേത്ര നിർമാണത്തിന് എതിരല്ലെന്ന് നിങ്ങൾക്ക് അറിയാം. രാജ്യത്തിന്‍റെ പ്രധാനമന്ത്രി എന്ന നിലയിൽ മറ്റുവിഭാഗങ്ങളെ ഭയെപ്പടുത്തുന്ന തരത്തിലുള്ള പണപിരിവ് ഒഴിവാക്കാൻ നിർദേശം നൽകണം. ഒരു വിഭാഗത്തെ ലക്ഷ്യമിട്ടാണ് ആക്രമണം. സംഭാവന സ്വീകരിക്കുന്നത് സൗഹാർദ അന്തരീക്ഷത്തിലാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാമക്ഷേത്ര നിർമാണത്തിനായി ആരുടെ പേരിൽ, ഏതു ബാങ്കിേലക്കാണ് പണം അയക്കേണ്ടതെന്ന കാര്യം അറിയില്ല. അതിനാൽ ഈ കത്തും ശ്രീ റാം ജൻമഭൂമി തീർഥ ക്ഷേത്രത്തിന്‍റെ പേരിലെ 1,11,111 രൂപയുടെ ചെക്കും പ്രധാനമന്ത്രിക്ക് അയക്കുന്നു -ദിഗ്വിജയ സിങിന്‍റെ കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.