ന്യൂഡൽഹി: ഇന്ന് ലോക് സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന യു.പിയിലെ മെയ്ൻപുരിൽ നൂറുകണക്കിന് ബി.ജെ.പി നേതാക്കൻമരും പ്രവർത്തകരും പണവും മദ്യവും ഒഴുക്കുകയാണെന്ന് സമാജ്‍വാദി പാർട്ടി നേതാവും മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ഡിംപിൾ യാദവ്. തെരഞ്ഞെടുപ്പ് കമീഷനെ ടാഗ് ചെയ്തുകൊണ്ട് കുറിച്ച ട്വീറ്റിൽ നടപടി വേണമെന്നും അവർ ആവശ്യപ്പെടുന്നു.
'മെയ്ൻപൂരിലെ സ്റ്റേഷൻ റോഡിലുള്ള ഹോട്ടൽ പാമിൽ നൂറുകണക്കിന് ബി.ജെ.പി പ്രവർത്തകരും നേതാക്കൻമാരും ഒത്തുചേർന്നിരിക്കുന്നു. അവർ നിരന്തരം മദ്യവും പണവും നൽകുകയാണ്. ഈ വിഷയം തെരഞ്ഞെടുപ്പ് കമീഷൻ ശ്രദ്ധിക്കണം' -ഡിംപിൾ യാദവ് ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
വിഷയത്തിൽ സമാജ്‍വാദി പാർട്ടി തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 24 മണിക്കൂർ മുമ്പ് നടന്ന ഈ അനധികൃത നടപടിക്കെതിരെ സമാജ്‍വാദി പാർട്ടി എം.എൽ.എമാർ ധർണ നടത്തും.
സമാജ്‍വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്റെ മരണത്തെ തുടർന്നാണ് മെയ്ൻപൂരിൽ ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതോടൊപ്പം യു.പിയിലെ റാംപുർ സദർ, ഖട്ടൗലി എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.