ഡിംപ്ള്‍, അത്ര  സിംപ്ള്‍ അല്ല


ലഖ്നോ: ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന രാഷ്ട്രീയ കുടുംബത്തിലെ മരുമകള്‍. കനൗജ് മണ്ഡലത്തില്‍നിന്ന് രണ്ടാംവട്ടം ലോക്സഭാംഗം. ഭര്‍ത്താവ് മുഖ്യമന്ത്രിയായ ഏക എം.പി.  ഭര്‍തൃപിതാവും പാര്‍ലമെന്‍റില്‍. കമ്പം കുതിര സവാരിയില്‍...യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍െറ ഭാര്യ ഡിംപ്ള്‍ യാദവ് അത്ര സിംപ്ള്‍ അല്ളെന്നാണ് യു.പിയില്‍നിന്നുള്ള പുതിയ വാര്‍ത്തകള്‍.  

നിഴല്‍ രാഷ്ട്രീയത്തില്‍നിന്ന് അവര്‍ വെളിച്ചത്തിലേക്ക് വരുന്നു. അഖിലേഷ് യാദവ് സ്വന്തം പാര്‍ട്ടിയില്‍ പിതാവും ഇളയച്ഛനുമായി പോര് തുടരുമ്പോള്‍ യു.പിയുടെ തെരഞ്ഞെടുപ്പ് ജാതകം തന്നെ മാറ്റിമറിക്കാവുന്ന സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിന് ഡിംപ്ള്‍ ചുക്കാന്‍ പിടിക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 

കോണ്‍ഗ്രസില്‍ പ്രിയങ്ക ഗാന്ധിക്കുള്ള പദവിയും ആദരവും സമാജ്വാദി പാര്‍ട്ടിയില്‍ ഡിംപ്ളിനും കൈവരുന്നുവെന്നാണ് കരുതുന്നത്. കഴിഞ്ഞദിവസം പ്രിയങ്കയും ഡിംപ്ളും ഡല്‍ഹിയില്‍ ഒരു വട്ടം കൂടിക്കണ്ടതാണ് രാഷ്ട്രീയ സഖ്യത്തിലേക്കുള്ള നീക്കമായി വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ 403ല്‍ 300 സീറ്റും വിജയിക്കാന്‍ കഴിയുമെന്നാണ് അഖിലേഷിന്‍െറ കണക്കുകൂട്ടല്‍. 

എന്നാല്‍, പിതാവും പാര്‍ട്ടി മേധാവിയുമായ മുലായത്തിന് കോണ്‍ഗ്രസ് സഖ്യത്തോട് കടുത്ത വിയോജിപ്പാണ്. പ്രിയങ്കയും ഡിംപ്ളും ഒരുമിച്ച് നില്‍ക്കുന്ന പോസ്റ്ററുകള്‍ അലഹബാദില്‍ വ്യാപകമായി പതിച്ചിട്ടുണ്ട്. എസ്.പിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസിനാണ് കൂടുതല്‍ താല്‍പര്യമെന്നും പറയുന്നുണ്ട്. 
27 വര്‍ഷമായി സംസ്ഥാനത്ത് അധികാരത്തില്‍നിന്ന് പുറത്താണ് കോണ്‍ഗ്രസ്. പാര്‍ട്ടി ചിഹ്നമായ സൈക്കിളിന്‍െറ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനം പ്രഖ്യാപിച്ചാലുടന്‍ കോണ്‍ഗ്രസ് സഖ്യത്തിലേക്കുള്ള ചുവടുവെപ്പുണ്ടാകുമെന്നാണ് കരുതുന്നത്. മറ്റു ചില ചെറിയ രാഷ്ട്രീയപാര്‍ട്ടികളും ഈ സഖ്യത്തില്‍ ചേക്കേറാനുള്ള സാധ്യതയും കാണുന്നുണ്ട്. 
 

അഖിലേഷ് യാദവിന്‍െറ ഭാര്യയായി 21ാം വയസ്സിലാണ് മുലായം കുടുംബത്തിലേക്ക് ഡിംപ്ള്‍ എത്തുന്നത്.  മുലായത്തിനും വീട്ടുകാര്‍ക്കും ആദ്യം വിവാഹത്തോട് എതിര്‍പ്പായിരുന്നു. എന്നാല്‍, അഖിലേഷിന്‍െറ മുത്തശ്ശി മൂര്‍ത്തിദേവിയാണ് മാംഗല്യത്തിന് പച്ചക്കൊടി കാട്ടിയത്. ഉത്തരാഖണ്ഡുകാരിയായ ഡിംപ്ളിന്‍െറ പിതാവ് റിട്ട. കേണലായ ആര്‍.സി.എസ്. റാവത്താണ്. മാതാവ് ചമ്പ റാവത്ത്. ഇവരുടെ കുടുംബം ഇപ്പോഴും ഉത്തരാഖണ്ഡിലാണ്. പഠനകാലത്താണ് ഡിംപ്ള്‍ അഖിലേഷില്‍ ആകൃഷ്ടയാകുന്നത്. പിന്നീടത് വിവാഹത്തിലത്തെി. ലഖ്നോ യൂനിവേഴ്സിറ്റിയില്‍നിന്ന് കോമേഴ്സില്‍ ബിരുദമെടുത്തിട്ടുണ്ട്. 
2009ല്‍ ഫിറോസാബാദ് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍  രാജ് ബബ്ബറിനോട് തോറ്റാണ് രാഷ്ട്രീയത്തില്‍ ചുവടുവെച്ചത്. എന്നാല്‍, 2012ല്‍ കനൗജ് മണ്ഡലത്തില്‍നിന്ന് മറ്റൊരു ഉപതെരഞ്ഞെടുപ്പില്‍ ലോക്സഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന 44ാമത് സ്ഥാനാര്‍ഥിയായി. യു.പിയില്‍ നാലാമത്തെയും ആദ്യത്തെ വനിതയും. ഇങ്ങനെയൊക്കെയാണ് ഇപ്പോള്‍ ഡിംപ്ള്‍ എങ്കിലും അവരുടെ റോള്‍ മാറുകയാണ്.

Tags:    
News Summary - dimple yadav in up politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.