ന്യൂഡൽഹി: ഉപയോഗിക്കാതെ നിർജീവമാവുകയോ വരിക്കാരന്റെ ആവശ്യപ്രകാരം വിച്ഛേദിക്കുകയോ ചെയ്ത മൊബൈൽ ഫോൺ നമ്പറുകൾ കുറഞ്ഞത് 90 ദിവസത്തേക്ക് പുതിയ ഉപഭോക്താക്കൾക്ക് അനുവദിക്കില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) സുപ്രീം കോടതിയെ അറിയിച്ചു. മൊബൈൽ നമ്പർ വിച്ഛേദിക്കപ്പെടുകയോ നിർജീവമാകുകയോ ചെയ്‌തശേഷം ഡേറ്റ ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ടെന്ന ആശങ്ക ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് ട്രായിയുടെ സത്യവാങ്മൂലം.
ഫോൺ നമ്പറുമായി ബന്ധിപ്പിച്ച വാട്ട്സ് ആപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ഫോൺ മെമ്മറി, ക്ലൗഡ് അല്ലെങ്കിൽ ഡ്രൈവിൽ നിന്നുള്ള ഡാറ്റ ഒഴിവാക്കുകയും ചെയ്യുക വഴി വാട്ട്‌സ്ആപ്പ് ഡാറ്റ ദുരുപയോഗം തടയാനാവുമെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
സ്വകാര്യത ഉറപ്പാക്കാൻ മതിയായ നടപടികൾ കൈക്കൊള്ളേണ്ടത് ഫോൺ നമ്പറിന്റെ നേരത്തെയുള്ള വരിക്കാരനാണെന്ന് ഒക്ടോബർ 30 ന് പുറപ്പെടുവിച്ച ഉത്തരവിൽ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വാട്ട്സ്ആപ്പ്, അക്കൗണ്ടുകളുടെ ഇനാക്നിറ്റിവിറ്റി (നിഷ്ക്രിയത്വം ) നീരീക്ഷിക്കുമെന്നും 45 ദിവസം അക്കൗണ്ട് നിഷ്ക്രിയമായിരിക്കുകയും പിന്നീട് മറ്റൊരു ഫോണിൽ ആക്റ്റീവാകുകയും ചെയ്താൽ പഴയ അക്കൗണ്ടിലെ ഡേറ്റ നീക്കം ചെയ്യുമെന്ന് വാട്ട്സ്ആപ്പ് ഹെൽപ് സെന്റർ പറയുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ട്രായിയുടെ എതിർ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വ്യക്തമാണെന്ന് പറഞ്ഞ കോടതി ഹരജി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.