ചെന്നൈ: തമിഴ്നാട്ടിലെ മലയോര ഗ്രാമത്തിൽ പാമ്പു കടിയേറ്റ 13കാരി റോഡില്ലാത്തതിനാൽ ആശുപത്രിയിലെത്താൻ വൈകിയതിനെ തുടർന്ന് വഴിയിൽ മരിച്ചു. ധർമപുരി ജില്ലയിൽ പെന്നാഗരം താലൂക്കിലെ വട്ടുവനഹള്ളി ആലക്കാട്ട് രുദ്രപ്പയുടെയും ശിവലിംഗിയുടെയും മകൾ കസ്തൂരിയാണ് മരിച്ചത്.
സഹോദരങ്ങൾക്കൊപ്പം പച്ചില പറിക്കുന്നതിനിടെയാണ് കസ്തൂരിക്ക് പാമ്പ് കടിയേറ്റത്. ഉടനെ വീട്ടുകാരും ഗ്രാമവാസികളും കമ്പുകൾ ചേർത്ത് വെച്ച് തുണിത്തൊട്ടിലുണ്ടാക്കി ചുമന്ന് നടത്തം ആരംഭിച്ചു. എട്ടു കിലോമീറ്ററാണ് നടന്നത്. മലയോര ഗ്രാമത്തിൽനിന്നും കുന്നിറങ്ങാൻ രണ്ടു മണിക്കൂർ സമയമെടുത്തു. ഒടുവിൽ വാഹനം എത്തുന്ന സ്ഥലത്തെത്തി. ഇവിടെ നിന്നും രണ്ടു കിലോമീറ്റർ അകലെയാണ് പ്രാഥമികാരോഗ്യ കേന്ദ്രം. എന്നാൽ, ഓട്ടോയിൽ കയറ്റിയപ്പോഴേക്കും കസ്തൂരി മരിച്ചിരുന്നു.
പെൺകുട്ടിയെ തുണിത്തൊട്ടിലിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കസ്തൂരിയുടെ കുടുംബത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മൂന്ന് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. കസ്തൂരിയുടെ മരണം വേദനാജനകമാണെന്നും സ്റ്റാലിൻ പ്രതികരിച്ചു.
മലയോര ഗ്രാമത്തിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാൽ നേരത്തെയും ഇവിടെ ഇത്തരത്തിൽ മരണം സംഭവിച്ചിട്ടുണ്ട്. ഗർഭിണികളും ഹൃദയാഘാതം സംഭവിച്ചവരുമെല്ലാം ഇതിൽ പെടുന്നു. ഗ്രാമത്തിലെ കുട്ടികൾക്ക് സ്കൂളിലെത്താൻ 15 കിലോമീറ്റർ താണ്ടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.