ഡൽഹി: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളും പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും ലക്ഷ്യമിട്ട് 'സൗജന്യങ്ങൾ' നിരോധിക്കാൻ ബി.ജെ.പി നേതാവ് സുപ്രീംകോടതിയിലെത്തിയതോടെ ഈ വിഷയത്തിലെ ആപ് - ബി.ജെ.പി പോരും പരമോന്നത കോടതിയിലെത്തി.
ക്ഷേമപദ്ധതികൾ 'സൗജന്യങ്ങൾ' ആയി കാണരുതെന്നും അവ തമ്മിലുള്ള വ്യത്യാസം വകതിരിച്ച് കാണണമെന്നും ആം ആദ്മി പാർട്ടിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി ആവശ്യപ്പെട്ടു. എന്നാൽ, വൈദ്യുതി സൗജന്യമായി കൊടുക്കുന്നതടക്കം സൗജന്യമായി കാണണമെന്നും നഷ്ടത്തിലോടുന്ന വൈദ്യുതി കമ്പനികളെ കേസിൽ കക്ഷി ചേർക്കണമെന്നും ആപ്പിനെ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാറും ആവശ്യപ്പെട്ടു. അതേസമയം, സുപ്രീംകോടതി അഭിപ്രായപ്പെട്ട വിദഗ്ധ സമിതിയുടെ ഭാഗമാകാൻ തങ്ങളില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ അറിയിച്ചു
ഗുജറാത്തിൽ സൗജന്യ വൈദ്യുതി അടക്കമുള്ള ഡൽഹി മോഡൽ വാഗ്ദാനവുമായി അരവിന്ദ് കെജ്രിവാൾ ഇറങ്ങിയതിനുപിന്നാലെയാണ് 'രേവ്ഡി' എന്നു വിളിച്ച് സൗജന്യങ്ങളുടെ സംസ്കാരം നിർത്തലാക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി രംഗത്തുവന്നത്. അതിനുപിന്നാലെ 'സൗജന്യങ്ങളുടെ സംസ്കാരത്തിന്' അറുതി വരുത്തണമെന്ന് അഭിപ്രായപ്പെട്ട് ചീഫ് ജസ്റ്റിസ് എൻ.വി. രമണ ബി.ജെ.പി നേതാവ് അഡ്വ. അശ്വിനികുമാർ ഉപാധ്യായ സമർപ്പിച്ച ഹരജി അടിയന്തരമായി വാദത്തിനെടുക്കുകയും ചെയ്തു.
'സൗജന്യങ്ങൾ' നിർത്തലാക്കുന്നത് പരിശോധിക്കാൻ വിദഗ്ധ സമിതിയുണ്ടാക്കുമെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആ സമിതിയുടെ ഭാഗമാകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിന് സമാനമായ നിലപാട് സ്വീകരിച്ച തെരഞ്ഞെടുപ്പ് കമീഷൻ 'സൗജന്യങ്ങൾ' നിരോധിക്കണമെന്ന് അഭിപ്രായം അറിയിച്ചിരുന്നു. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ സമിതിയുടെ ഭാഗമാകാനില്ലെന്ന് ചൊവ്വാഴ്ച കമീഷൻ വ്യക്തമാക്കി. അതിനുശേഷം വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ ക്ഷേമ പദ്ധതികളും സൗജന്യങ്ങളും കൃത്യമായി വേർതിരിച്ചുകാണാതെ സുപ്രീംകോടതി വിദഗ്ധ സമിതിയുണ്ടാക്കിയിട്ട് എവിടെയുമെത്തില്ലെന്ന് അഭിഷേക് മനു സിങ്വി ബോധിപ്പിച്ചു. രാഷ്ട്രീയ പാർട്ടികൾ പരസ്പരം നടത്തുന്ന രാഷ്ട്രീയ വിലപേശലിൽ കോടതിക്ക് ഇടപെടനാവില്ലെന്ന് സിങ്വി പറഞ്ഞപ്പോൾ ഏതു പരിധിവരെ പോകാമെന്ന് തങ്ങൾക്ക് ബോധ്യമുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.
ക്ഷേമ പദ്ധതികൾ എല്ലാവരും അംഗീകരിക്കുന്നുണ്ടെന്നും എന്നാൽ 'സൗജന്യങ്ങൾ' പറ്റില്ലെന്നും കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. സൗജന്യങ്ങൾ വിതരണം ചെയ്യൽ മാത്രമാണ് ജനക്ഷേമമെന്ന് രാഷ്ട്രീയ പാർട്ടികൾ കരുതുന്നുണ്ടെങ്കിൽ അത് അപകടകരമാണെന്നും മേത്ത കൂട്ടിച്ചേർത്തു. എന്നാൽ സുപ്രീംകോടതി കേസിൽ സഹായം തേടിയ കപിൽ സിബൽ വിഷയം സങ്കീർണമാണെന്ന് ഓർമിപ്പിച്ചു. ഡൽഹിയിൽ സ്ത്രീകളുടെ യാത്രാ സൗജന്യം 'സൗജന്യങ്ങളി'ൽപ്പെടുമോ എന്നും സിബൽ കോടതിയോട് ചോദിച്ചു.
സൗജന്യങ്ങൾ നിരോധിക്കണമെന്ന ഹരജി: സത്യവാങ്മൂലം ആദ്യം വന്നത് പത്രത്തിൽ; കമീഷനോട് ക്ഷുഭിതനായി ചീഫ് ജസ്റ്റിസ്
സൗജന്യങ്ങൾ നിരോധിക്കണമെന്ന ബി.ജെ.പി നേതാവിന്റെ ഹരജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ സത്യവാങ്മൂലം പത്രങ്ങളിലൂടെ വായിച്ചറിഞ്ഞതിൽ ചീഫ് ജസ്റ്റിസ് എൻ.വി. രമണ ക്ഷുഭിതനായി. സത്യവാങ്മൂലം പത്രങ്ങൾ മുഖേനയാണ് സമർപ്പിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ അവർക്ക് നൽകിക്കോളൂ എന്ന് ചീഫ് ജസ്റ്റിസ് കമീഷനോട് രോഷം പ്രകടിപ്പിച്ചു. പത്രങ്ങൾക്ക് കിട്ടിയ സത്യവാങ്മൂലം എങ്ങനെയാണ് സുപ്രീംകോടതിയിൽ എത്താതിരുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
ബുധനാഴ്ച സത്യവാങ്മൂലം സമർപ്പിച്ചുവെന്ന കമീഷന്റെ വാദം തള്ളിയ ചീഫ് ജസ്റ്റിസ് രാത്രി പത്തു വരെ സത്യവാങ്മൂലം തനിക്ക് ലഭിച്ചിട്ടില്ല എന്ന് കമീഷന് വേണ്ടി ഹാജരായ അഡ്വ. മനീന്ദർ സിങ്ങിനോട് പറഞ്ഞു. രാവിലെ 'ടൈംസ് ഓഫ് ഇന്ത്യ'യടക്കമുള്ള പത്രങ്ങളിൽ സത്യവാങ്മൂലം കാണുകയും ചെയ്തു.
ഇനി സത്യവാങ്മൂലം എന്തിനാണ് സമർപ്പിക്കുന്നതെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് അതിലെ കാര്യങ്ങളെല്ലാം താൻ പത്രത്തിൽ രാവിലെ വായിച്ചുവെന്നും കമീഷനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.