മുംബൈ: മഹാരാഷ്ട്രയിൽ സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും പൂർത്തിയാകാത്തതിൽ ആശങ്കയുമായി പ്രതിപക്ഷ മുന്നണികൾ. 288 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ബി.ജെ.പി (99), ഷിൻഡെ പക്ഷ ശിവസേന (45), അജിത് പവാർ പക്ഷ എൻ.സി.പി (45) സഖ്യ മഹായൂത്തി ഇതുവരെ 189 സീറ്റുകളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മറുപക്ഷത്ത് കോൺഗ്രസ് (48), ഉദ്ധവ് പക്ഷ ശിവസേന (65), പവാർ പക്ഷ എൻ.സി.പി (45) സഖ്യ മഹാവികാസ് അഘാഡി (എം.വി.എ) 158 സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 18 ഓളം സീറ്റുകളെ ചൊല്ലിയും ചില സ്ഥാനാർഥികളെ ചൊല്ലിയുമാണ് മഹായൂത്തിയിൽ തർക്കം തുടരുന്നത്.
18 സീറ്റുകൾ ഇൻഡ്യ ബ്ലോക്കിലെ ചെറുകക്ഷികൾക്കായി മാറ്റിവെച്ച എം.വി.എ മുഖ്യ മൂന്ന് പാർട്ടികൾ 85 വീതം സീറ്റുകളിൽ മത്സരിക്കാൻ ധാരണയായെങ്കിലും ശേഷിച്ച 15 സീറ്റിൽ തർക്കം അവസാനിച്ചില്ല. സി.പി.എം, സി.പി.ഐ, സമാജ്വാദി പാർട്ടി, പി.ഡബ്ല്യു.പി തുടങ്ങിയ ചെറുകക്ഷികൾക്കുള്ള സീറ്റുകളിലും തീരുമാനമായില്ല. നവംബർ 20നാണ് വോട്ടെടുപ്പ്. ചൊവ്വാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം. ഈ സാഹചര്യത്തിൽ ചർച്ചയും തർക്കവും നീളുന്നത് ഘടക കക്ഷികളിൽ ആശങ്കയുണ്ടാക്കുന്നു. ഹരിയാന ആവർത്തിക്കപ്പെടുമെന്ന ആശങ്കയാണ് പ്രകടിപ്പിക്കപ്പെടുന്നത്.
സ്ത്രീകൾക്കും യുവാക്കൾക്കും ധനസഹായം പ്രഖ്യാപിച്ച് ഭരണമുന്നണി സുരക്ഷിതമായി നിൽക്കുന്ന സാഹചര്യമാണ് നിലവിൽ. സമാജ്വാദി പാർട്ടി അഞ്ച് സീറ്റുകളാണ് എം.വി.എയോട് ആവശ്യപ്പെട്ടത്. നിലവിൽ അഞ്ച് സ്ഥാനാർഥികളെ അവർ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ചയോടെ തീരുമാനമായില്ലെങ്കിൽ 25 സീറ്റുകളിൽ മത്സരിക്കുമെന്ന് പാർട്ടി മുംബൈ അധ്യക്ഷൻ അബു ആസ്മി പറഞ്ഞു. 12 സീറ്റുകളാണ് സി.പി.എം ലക്ഷ്യമിടുന്നത്.
ഇതിനിടയിൽ, ഈയിടെ വെടിയേറ്റുമരിച്ച ബാബ സിദ്ദീഖിയുടെ മകൻ സീഷാൻ സിദ്ദീഖി (ബാന്ദ്ര ഈസ്റ്റ്) ഉൾപ്പെടെ ഏഴ് സ്ഥാനാർഥികളെ കൂടി അജിത് പവാർ പക്ഷം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം സീഷാൻ സിദ്ദീഖിയുടെ സിറ്റിങ് സീറ്റായ ബാന്ദ്ര ഈസ്റ്റിൽ ഉദ്ധവ് പക്ഷം സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നു. ക്രോസ് വോട്ടിങ് അടക്കം പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് സീഷാനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. വെള്ളിയാഴ്ച അജിത് പവാറിന്റെ സാന്നിധ്യത്തിൽ എൻ.സി.പിയിൽ ചേരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.