രാഹുലിനെ അയോഗ്യനാക്കിയ നടപടി; ഇന്നുമുതൽ ജയ്​ഭാരത്​ സത്യഗ്രഹം

കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിക്ക് എതിരെ കോൺഗ്രസിന്‍റെ രാജ്യവ്യാപക സമര പരമ്പരക്ക്​ ബുധനാഴ്ച തുടക്കം. നാല് തലങ്ങളിലായി ഇന്ന് മുതൽ ആരംഭിക്കുന്ന ജയ്ഭാരത് സത്യഗ്രഹം ഏപ്രിൽ എട്ടിന് സമാപിക്കും. അയോഗ്യതാ നടപടി ചോദ്യം ചെയ്യാനും അദാനി വിഷയത്തിൽ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനും ആണ് കോൺഗ്രസിന്‍റെ നീക്കം .

രാഷ്ട്രീയ പൊതുയോഗങ്ങൾ ആണ് ജയ് ഭാരത് സത്യാഗ്രഹത്തിന്‍റെ ആദ്യപടി. ബ്ലോക്ക് കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളും ആണ് സമരം ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്നത്. ജില്ലാ തലത്തിൽ ന്യൂനപക്ഷ എസ്.സി എസ്.ടി വിഭാഗങ്ങൾ മഹാത്മാ ഗാന്ധിയുടെയോ അംബേദ്കറുടെയോ പ്രതിമക്ക്​ മുന്നിൽ ഇന്ന് പ്രതിഷേധിക്കും. വരും ദിവസങ്ങളിൽ സംസ്ഥാന ദേശീയ തലത്തിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നാണ് കോൺഗ്രസിന്‍റെ പ്രഖ്യാപനം. തെരുവിൽ പോരാട്ടം തുടരുന്നതിന് ഒപ്പം പാർലമെന്‍റിനു അകത്തും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്ക് എതിരെ പ്രതിഷേധം ശക്തമായി തന്നെ തുടരും.

19 പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ ഉണ്ടെന്ന് കോൺഗ്രസ് അവകാശപ്പെടുമ്പോഴും ശിവസേന ഉദ്ധവ് താക്കറെ പക്ഷം പൂർണ യോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല. സവർക്കർക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശം ശിവസേനയെ പ്രകോപിപ്പിച്ചതിന് പിന്നാലെ ശിവസേനയുടെ എതിർപ്പ് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ രാഹുൽ ഗാന്ധിയെ ധരിപ്പിച്ചിരുന്നു. സവർക്കറെ പോലെയുള്ള വൈകാരിക വിഷയങ്ങളിൽ ഇനി അഭിപ്രായപ്രകടനം വേണ്ട എന്നാണ്​ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. 

Tags:    
News Summary - Disqualification of Rahul; Jai Bharat Satyagraha from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.