രാഷ്ട്രീയവൃത്തങ്ങളിലും കോൺഗ്രസ് പ്രവർത്തകർക്കിടയിലും ഡി.കെ എന്നാണ് ഡി.കെ. ശിവകുമാർ അറിയപ്പെടുന്നുണ്ട്. പ്രായോഗിക രാഷ്ട്രീയത്തിലുള്ള കേളീവൈഭവം കൊണ്ട് ശത്രുപാളയത്തിലുള്ളവർ പോലും ആരാധനയോടെ നോക്കി കാണുന്ന നേതാവ്. കാര്യങ്ങളെ തന്റെ വരുതിക്ക് നിർത്താൻ അദ്ദേഹത്തിന് പ്രത്യേക കഴിവുതന്നെയുണ്ട്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പാർട്ടിയുടെ നേതൃനിരയിലേക്ക് എത്തുന്നത്.
‘ട്രബിൾ ഷൂട്ടർ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഡി.കെ പാർട്ടിക്ക് പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തുണയായിട്ടുണ്ട്. 'ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ്' എന്ന നിലയിൽ അദ്ദേഹത്തെ വെല്ലാൻ ഇന്ന് കോൺഗ്രസിൽ മറ്റാരുമില്ല. നിർണായക ഘട്ടങ്ങളിൽ ഹൈക്കമാൻഡ് പോലും സഹായം തേടുന്നത് ഡി.കെയോടാണ്.
ഹൈകമാൻഡിന്‍റെ നിർദേശങ്ങൾ അക്ഷരംപ്രതി പാലിക്കുന്ന വിശ്വസ്‌തനായ കോൺഗ്രസുകാരൻ. കർണാടകത്തിൽ ബി.ജെ.പി ആരെയെങ്കിലും ഭയന്നിട്ടുണ്ടെങ്കിൽ അത് ഡി.കെയെ മാത്രമാണ്. ഡി.കെയെ പാർട്ടിയിലെത്തിക്കാൻ ബി.ജെ.പി പല അടവുകൾ പയറ്റിയിട്ടും ഫലം കണ്ടില്ല.
ഗുജറാത്തിൽ അഹമ്മദ് പട്ടേലിന്റെ രാജ്യസഭാംഗത്വത്തിനായുള്ള തെരഞ്ഞെടുപ്പ് സമയത്ത് രക്ഷാപ്രവർത്തനത്തിന് ഹൈക്കമാൻഡ് പറഞ്ഞുവിട്ടത് ഡി.കെയെ ആയിരുന്നു. അന്ന് അവിടത്തെ 44 കോൺഗ്രസ് എം.എൽ.എമാരെയും പാർട്ടിക്കൊപ്പം പിടിച്ചുനിർത്തിയത് അദ്ദേഹത്തിന്‍റെ മിടുക്കുകൊണ്ടു മാത്രമാണ്. അതുകൊണ്ടുതന്നെ മോദി സർക്കാറിന്‍റെ നിരന്തര വേട്ടയാടലിനും ഡി.കെ ഇരയായിട്ടുണ്ട്. പലതവണയാണ് അദ്ദേഹത്തിന്‍റെ വീടുകളിലും ഓഫിസുകളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും കയറിയിറങ്ങിയത്. റെയ്ഡുകൾ നടന്നപ്പോൾ 300 കോടിയിലധികം രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെടുത്തു എന്ന മട്ടിൽ വ്യാപക പ്രചാരണവും നടന്നു. എന്നാൽ, അതിനെയൊക്കെ അന്ന് ഡി.കെ അതിജീവിക്കുന്നതാണ് കണ്ടത്.
2019ല്‍ കോണ്‍ഗ്രസില്‍നിന്ന് എം.എൽ.എമാരെ ചാക്കിട്ട് ബി.ജെ.പി സര്‍ക്കാറുണ്ടാക്കിയപ്പോള്‍ സകല അടവുകളുമായി ഡി.കെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിജയിച്ചില്ല. 2020ലാണ് പൊളിറ്റിക്കൽ മാനേജ്‌മെന്റിൽ അഗ്രഗണ്യനായ ഡി.കെയെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ചുമതല പാർട്ടി ഏൽപിക്കുന്നത്. ആ ദിവസം മുതല്‍ ഡി.കെ 2023ന്റെ പദ്ധതിയിലായിരുന്നു. വലിയ പ്രതീക്ഷയോടെയായിരുന്നു നേതൃത്വവും പ്രവർത്തകരും ഈ സ്ഥാനാരോഹണത്തെ കണ്ടത്. കര്‍ണാടകത്തിൽ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേക്ക് തിരിച്ചുവരുമ്പോൾ പാർട്ടി ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നതും ഡി.കെയോടു തന്നെയാണ്.
ബി.ജെ.പിയുടെ തീവ്ര കാർഡുകളെയെല്ലാം സമർഥമായി മറികടക്കാൻ കോൺഗ്രസ് വോട്ടർമാർക്കു മുന്നിൽവെച്ച ജനക്ഷേമ പദ്ധതികളിലൂടെ കഴിഞ്ഞുവെന്ന് വേണം പറയാൻ. അടുത്ത വർഷം ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കര്‍ണാടക തെരഞ്ഞെടുപ്പിലെ ഫലം കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരു പോലെ നിര്‍ണായകമായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് വിവിധ പ്രാദേശിക പാർട്ടികൾ മനോഗതി രൂപപ്പെടുത്തുന്നതിൽ ഈ ഫലം ഏറെ സ്വാധീനം ചെലുത്തും.
കോൺഗ്രസിന് പ്രതിപക്ഷ ഐക്യ ശ്രമങ്ങളിലെ മുന്നണിപോരാളിയാകാനും കഴിയും. ദക്ഷിണേന്ത്യയിൽ പാർട്ടി ഭരണത്തിലുള്ള ഏക സംസ്ഥാനമായ കര്‍ണാടക കൈവിടുന്നതോടെ ബി.ജെ.പിക്ക് ഇവിടെ അഡ്രസുണ്ടാവില്ല.
കർണാടകയിലെ കോൺഗ്രസിന്‍റെ വിജയത്തിന്‍റെ എല്ലാ ക്രെഡിറ്റും പ്രാദേശിക നേതൃത്വത്തിന് തന്നെ അവകാശപ്പെട്ടതാണ്. സംസ്ഥാനത്ത് പാർട്ടിയുടെ സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിലും ശരിയായ ദിശയിൽ കരുക്കള്‍ ചലിപ്പിച്ചതിലും ഡി.കെ നിർണായക പങ്കുവഹിച്ചു. തന്നിലേല്‍പ്പിച്ച ഉത്തരവാദിത്വം അദ്ദേഹം ഭംഗിയായി നിറവേറ്റി.
പാർട്ടിയെ ഒറ്റക്കെട്ടായി നിർത്തുന്നതിയും അഭിപ്രായ ഭിന്നതകൾ തിരശ്ശീലക്കു പുറകിലേക്ക് മാറ്റിയും കൂട്ടിയും കിഴിച്ചും തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു ഈ തന്ത്രശാലി. മുന്നിലുള്ള എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് പാർട്ടിയെ മുന്നോട്ടുനയിച്ചു. 141 സീറ്റുകൾ പാർട്ടിക്ക് ലഭിക്കുമെന്ന അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേവല ഭൂരിപക്ഷം കൊണ്ട് ഭരണം നടത്താനാകില്ലെന്ന് കൃത്യമായി ബോധ്യമുണ്ടായിരുന്ന അദ്ദേഹം, എതിര്‍പാളയത്തിലുള്ളവരെ പോലും സ്വന്തം തട്ടകത്തില്‍ എത്തിച്ചു.
നേതൃത്വവുമായി ഇടഞ്ഞ ബി.ജെ.പി നേതാക്കളെ കൃത്യസമയത്ത് ഇടപെട്ട് കോൺഗ്രസിലെത്തിച്ചു. വോട്ടെടുപ്പിന് ആഴ്ചകള്‍ മാത്രം ബിക്കിനില്‍ക്കെയാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും
മുതിര്‍ന്ന ബി.ജെ.പി നേതാവും പ്രമുഖ ലിംഗായത്തു നേതാവുമായ ജഗദീഷ് ഷെട്ടാറിനെ കോൺഗ്രസിൽ എത്തിച്ചത്. ബി.ജെ.പി നിഷേധിച്ച സീറ്റ്, കോൺഗ്രസ് വാഗ്ദാനം ചെയ്ത് ഒപ്പം നിർത്തി. ബി.ജെ.പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന ലക്ഷ്മണ്‍ സാവദിയേയും ഇതേ തന്ത്രത്തിലാണ് കോണ്‍ഗ്രസ് ഒപ്പം ചേര്‍ത്തത്. സംസ്ഥാനത്തെ പ്രബല സമുദായമായ ലിംഗായത്ത് വോട്ടുകൾ പാർട്ടിയിലെത്തിക്കാൻ ഇതിലൂടെ കഴിഞ്ഞു.
മുംബൈ കർണാടകയിലും മധ്യ കർണാടകയിലും പാർട്ടി നടത്തിയ മുന്നേറ്റം ഇതിനുള്ള കൃത്യമായ തെളിവാണ്. സ്വന്തം മണ്ഡലമായ കനകപുരയില്‍ ജെ.ഡി.എസ് നേതാക്കളെ ഡി.കെ ഒപ്പം ചേര്‍ത്തതും ഇതേ തന്ത്രത്തില്‍ തന്നെയായിരുന്നു. അഹമ്മദ് പട്ടേലിന് ശേഷം കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടറായി മാറിയ ഡി.കെ തന്‍റെ റോൾ കൃത്യമായി നിറവേറ്റുന്നതിൽ നേതൃത്വവും സന്തോഷത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.