ചെന്നൈ: കേരളത്തിന് പിറകെ ഗവർണറുമായുള്ള അഭിപ്രായഭിന്നത പരസ്യമായി പ്രകടിപ്പിച്ച് തമിഴ്നാട് സർക്കാർ. കഴിഞ്ഞ റിപ്പബ്ലിക് ദിന സന്ദേശത്തിൽ അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) യുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് ഗവർണറും ഭരണകക്ഷിയായ ഡി.എം.കെയും തമ്മിലുള്ള ഉരസലിന് കാരണം.
തുടർന്ന് മുഖപത്രമായ 'മുരശൊലി'യിലൂടെ ഗവർണറെ പരിഹസിച്ചിരിക്കുകയാണ് ഡി.എം.കെ. 'വല്യേട്ടൻ മനോഭാവ'ത്തോടെ സംസ്ഥാനത്ത് രാഷ്ട്രീയം കളിക്കാനാണ് ഗവർണർ ആ.എൻ. രവിയുടെ ശ്രമമെങ്കിൽ അത് വിജയിക്കില്ലെന്ന് മുഖപ്രസംഗത്തിൽ ഡി.എം.കെ ഓർമിപ്പിക്കുന്നു. തമിഴ്നാട്ടിലെ ജനങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള ആശയമാണ് ഗവർണറുടെ പരാമർശത്തിലുള്ളത്. നീറ്റിനെതിരെ തമിഴ്നാട് നിയമസഭ ബിൽ പാസാക്കിയെങ്കിലും അംഗീകാരത്തിനായി ഗവർണറുടെ പരിഗണനയിലാണ്.
വിഷയത്തിൽ ഇതുവരെ ഒരു തീരുമാനവും ഗവർണർ കൈക്കൊണ്ടിട്ടില്ല. ചില 'സംഘി'കൾ ഒഴികെ സംസ്ഥാനത്തെ മുഴുവൻ പേരും നീറ്റിനെ എതിർക്കുമ്പോൾ, നീറ്റ് വന്നതിന് പിറകെ സർക്കാർ മെഡിക്കൽ കോളജുകളിൽ സർക്കാർ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം വർധിച്ചെന്ന് ഗവർണർ അഭിപ്രായം പറയുന്നത് ന്യായമാണോയെന്നും മുഖപ്രസംഗം ചോദിക്കുന്നു. 'മറ്റ് സംസ്ഥാനങ്ങൾ പോലെയല്ല തമിഴ്നാട്. ഏത് കുഗ്രാമത്തിലുള്ളവർക്കും രാഷ്ട്രീയം തിരിയും. തമിഴ്നാടിന്റെ രാഷ്ട്രീയവും ചരിത്രവും അറിഞ്ഞ് വേണം സംസാരിക്കാൻ. എങ്കിലേ സ്വന്തം പദവിക്ക് നിരക്കുന്നതാകൂയെന്നും 'മുരശൊലി' ലേഖനത്തിൽ പറയുന്നു.
നീറ്റ് ഏർപ്പെടുത്തുന്നതിന് മുമ്പ് സർക്കാർ മെഡിക്കൽ കോളജുകളിലെ സീറ്റുകളിൽ സർക്കാർ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളുടെ വിഹിതം ഒരു ശതമാനം മാത്രമായിരുന്നുവെന്നും സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് 7.5 ശതമാനം സംവരണം ഏർപ്പെടുത്തിയ സർക്കാറിന് നന്ദിയുണ്ടെന്നുമായിരുന്നു ഗവർണറുടെ പരാമർശം. എന്നാൽ, കഴിഞ്ഞ എ.ഐ.എ.ഡി.എം.കെ ഭരണകാലത്താണ് സർക്കാർ സ്കൂളിലെ വിദ്യാർഥികൾക്ക് 7.5 ശതമാനം സംവരണം ഏർപ്പെടുത്തിയത്. ഇതാണ് ഭരണത്തിലുള്ള ഡി.എം.കെയെ ചൊടിപ്പിക്കാനുള്ള പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.