തമിഴ്നാട് മന്ത്രി ​പൊന്മുടിക്ക് മൂന്ന് വർഷം തടവ്

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്നാട് മന്ത്രി പൊന്മുടിക്കും ഭാര്യക്കും മൂന്ന് വർഷം തടവ്. മന്ത്രി 50 ലക്ഷം രൂപ പിഴയും ഒടുക്കണം. മദ്രാസ് ഹൈകോടതിയുടേതാണ് നിർണായക വിധി.

ചൊവ്വാഴ്ച പൊന്മുടിയും ഭാര്യയും കേസിൽ കുറ്റക്കാരാണെന്ന് മ​​ദ്രാസ് ഹൈകോടതി വിധിച്ചിരുന്നു. ഇരുവരേയും വെറുതെവിട്ട കീഴ്ക്കോടതി വിധി റദ്ദാക്കിയായിരുന്നു മദ്രാസ് ഹൈകോടതിയുടെ ഉത്തരവ്. തുടർന്ന് തങ്ങളുടെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് കുറഞ്ഞ ശിക്ഷ നൽകണമെന്നും ഇരുവരും കോടതിയിൽ വാദിച്ചു.

ഈ വാദം കൂടി പരിഗണിച്ചാണ് മൂന്ന് വർഷം തടവുശിക്ഷ കോടതി നൽകിയത്. കോടതി വിധിക്ക് പിന്നാലെ ശിക്ഷ 30 ദിവസത്തേക്ക് മദ്രാസ് ഹൈകോടതി മരവിപ്പിച്ചിട്ടുണ്ട്. അപ്പീൽ നൽകുന്നതിനായാണ് ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ചത്.

കരുണാനിധി മന്ത്രിസഭയിൽ ഖനി വകുപ്പ് കൈകാര്യം ചെയ്തിരുന്ന പൊൻമുടി 2006 ഏപ്രിൽ 13-നും 2010 മാർച്ച് 31-നും ഇടയിൽ 1.79 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസിലാണ് കീഴ്‌ക്കോടതി വിധി റദ്ദാക്കിക്കൊണ്ട് മന്ത്രി കുറ്റക്കാരനാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചത്.

അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച മറ്റൊരു കേസിൽ പൊൻമുടിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ജില്ലാ കോടതി വിധി മദ്രാസ് ഹൈക്കോടതി സ്വമേധയാ പുനഃപരിശോധിക്കുന്നുണ്ട്. അണ്ണാ ഡി.എം.കെ. വിട്ട് ഡി.എം.കെ.യിൽ ചേർന്ന മന്ത്രി സെന്തിൽ ബാലാജി കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ വിചാരണ കാത്ത് ജയിലിൽ കഴിയവേയാണ് മറ്റൊരു മന്ത്രിക്കെതിരേ വിധി വരുന്നത്.

അഴിമതിനിരോധന നിയമപ്രകാരമോ മയക്കുമരുന്നു നിയമപ്രകാരമോ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജനപ്രതിനിധിക്ക് പിഴശിക്ഷ ലഭിച്ചാൽപോലും ആറുവർഷത്തേക്ക് അയോഗ്യത കല്പിക്കപ്പെടുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിന്റെ 8(1) വകുപ്പ് പറയുന്നത്. പക്ഷേ ഹൈകോടതി ശിക്ഷ താൽക്കാലികമായി മരവിപ്പിച്ച സാഹചര്യത്തിൽ പൊന്മുടിക്ക് ഉടൻ മന്ത്രിസ്ഥാനം നഷ്ടമാവില്ല.

Tags:    
News Summary - DMK minister K Ponmudy gets 3 yrs in prison in disproportionate assets case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.