ചെന്നൈ: ഇൻഡ്യ സഖ്യം അധികാരത്തിൽ വന്നാൽ വിവാദ പൗരത്വനിയമം (സി.എ.എ) റദ്ദാക്കുമെന്നും ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി തിരിച്ചുകൊണ്ടുവരുമെന്നുമുള്ള വാഗ്ദാനങ്ങളുമായി ഡി.എം.കെ പ്രകടന പത്രിക പുറത്തിറക്കി. പുതുവിദ്യാഭ്യാസ നയം (എൻ.ഇ.പി) റദ്ദാക്കും, എണ്ണവില കുറക്കും, കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ എം.എസ്. സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കും, അഗ്നിവീർ പദ്ധതി പിൻവലിച്ച് സൈന്യത്തിൽ സ്ഥിരനിയമനം പുനഃസ്ഥാപിക്കും, ജാതി സെൻസസ് ഉൾപ്പെടെ സാധാരണക്കാരെ ബാധിക്കുന്ന വിവരങ്ങൾക്കായുള്ള സെൻസസുകൾ എല്ലാ അഞ്ചുവർഷത്തിലും നടത്തും. വനിതകൾക്ക് പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം സംവരണം, 500 രൂപക്ക് പാചക ഗ്യാസ് സിലിണ്ടർ, പെട്രോൾ-ഡീസൽ വില യഥാക്രമം 75-65 രൂപ തുടങ്ങിയവയും ഡി.എം.കെ ഉറപ്പുനൽകുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് തമിഴ്നാട്ടിൽ 21 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയും ഡി.എം.കെ പ്രഖ്യാപിച്ചു. കനിമൊഴി, ടി.ആർ. ബാലു, എ.രാജ തുടങ്ങിയവർ ഉൾപ്പെടെയുള്ള സിറ്റിങ് എം.പിമാർ പട്ടികയിലുണ്ട്. കോൺഗ്രസ്, ഇടതുകക്ഷികൾ, വി.സി.കെ തുടങ്ങിയ സഖ്യകക്ഷികൾക്കായി ഡി.എം.കെ 18 സീറ്റ് മാറ്റിവെച്ചിട്ടുണ്ട്. ഡി.എം.കെ പട്ടികയിൽ 11 പേർ പുതുമുഖങ്ങളാണ്. മൂന്നു പേർ വനിതകൾ. സൗത്ത് ചെന്നൈ സിറ്റിങ് എം.പി തമിഴചി തങ്കപാണ്ഡ്യൻ, ദയാനിധി മാരൻ, എസ്. ജഗത്രാക്ഷകൻ, കലാനിധി വീരസാമി, കതിർ ആനന്ദ്, സി.എൻ. അണ്ണാദുരൈ എന്നിവരും പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.