ന്യൂഡൽഹി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ഡോക്ടർമാർക്കിടയിൽ നടത്തിയ പഠനത്തിൽ 35 ശതമാനത്തിലധികം പേരും ആശുപത്രികളിൽ സുരക്ഷിതരല്ലെന്ന് സർവേ.
കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളജിൽ പി.ജി. ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് സർവേ നടത്തിയത്. അപകട സാധ്യത അഭിമുഖീകരിക്കുന്നവരിൽ കൂടുതലും വനിത ഡോക്ടർമാരാണ്. രാത്രി ഷിഫ്റ്റുകളിൽ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന ഇവരിൽ ചിലർ ആയുധം കൈവശം വെക്കണമെന്ന അഭിപ്രായവും മന്നോട്ടു വെച്ചതായി സർവേ വെളിപ്പെടുത്തുന്നു.
കേരള സ്റ്റേറ്റ് ഐ.എം.എ റിസർച്ച് സെൽ ചെയർമാൻ ഡോ. രാജീവ് ജയദേവനും സംഘവുമാണ് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള ഡോക്ടർമാരുമായി ബന്ധപ്പെട്ട് സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്തവർ 85 ശതമാനം 35 വയസ്സിന് താഴെയുള്ളവരും 61 ശതമാനം പേർ ഹൗസ് സർജൻസി ചെയ്യുന്നവരോ ബിരുദാനന്തര ബിരുദധാരികളോ ആയിരുന്നു.
45 ശതമാനം പേർക്കും രാത്രി ഷിഫ്റ്റിൽ ഡ്യൂട്ടി റൂം ലഭ്യമല്ല. 22ലധികം സംസ്ഥാനങ്ങളിൽ നിന്നുള്ള 3885 വ്യക്തികളിൽ നിന്ന് വിവരം ശേഖരിച്ച, ഈ വിഷയത്തിൽ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ പഠനമാണിതെന്ന് ഐ.എം.എ അവകാശപ്പെട്ടു. സമാഹരിച്ച സർവേ കണ്ടെത്തലുകൾ ഐ.എം.എയുടെ കേരള മെഡിക്കൽ ജേണൽ 2024 ഒക്‌ടോബർ ലക്കത്തിൽ പ്രസിദ്ധീകരിക്കും.
ജൂനിയർ ഡോക്ടർമാരാണ് പ്രധാനമായും അക്രമം അനുഭവിക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങളെകുറിച്ച് ആശുപത്രി മാനജ്മെന്റിന് വിവരം നൽകിയിട്ടും നിസ്സംഗത പുലർത്തിയെന്നും റിപ്പോർട്ട് പറയുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കുക, സി.സി.ടി.വി കാമറകൾ സ്ഥാപിക്കുക, ശരിയായ വെളിച്ചം ഉറപ്പാക്കുക, രോഗിയുടെ കൂടെയുള്ളവരുടെ എണ്ണം കുറക്കുക, അലാറം സംവിധാനങ്ങൾ സ്ഥാപിക്കുക, സുരക്ഷിതമായ ഡ്യൂട്ടി റൂമുകൾ ഒരുക്കുക തുടങ്ങിയ നിർദ്ദേശങ്ങളും സർവേ മുന്നോട്ടു വെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.