ലക്നോ: സാരിയോ അതിനോടൊപ്പമുള്ള അടിവസ്ത്രമോ മുറുക്കിക്കെട്ടി സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി പഠനം. അരക്കെട്ടിലെ ചർമത്തിൽ നിരന്തരമായ ഘർഷണവും സമ്മർദ്ദവും മൂലം അവിടെ വിട്ടുമാറാത്ത തടിപ്പുണ്ടാകുകയും അത് അൾസറിലേക്കും ചർമാർബുദത്തിലേക്കും നയിച്ചേക്കുമെന്ന് ഉത്തർപ്രദേശിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജിലെ ഡോക്ടർമാർ അടക്കമുള്ള സംഘം പറയുന്നു. ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലൂടെയാണ് ‘പരമ്പരാഗത വസ്ത്ര സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യാപകട സാധ്യതകൾ’ സംബന്ധിച്ചുള്ള വസ്തുതകൾ പുറത്തുവന്നത്.
‘പെറ്റിക്കോട്ട് ക്യാൻസർ’ ബാധിച്ച രണ്ട് സ്ത്രീകളെ ചികിത്സിക്കുന്നതായി ഡോക്ടർമാർ ഇതിൽ രേഖപ്പെടുത്തുന്നു. സാരിയുടെയോ അടിവസ്ത്രത്തിന്‍റേതോ പെറ്റിക്കോട്ടിന്റെയോ ഭാഗം അരയിൽ മുറുകെ കെട്ടുന്നതുമൂലം രോഗാവസ്ഥ ഉണ്ടാകാമെന്ന് അവർ പറയുന്നു. ഈ പ്രതിഭാസത്തെ ‘സാരി കാൻസർ’ എന്ന് മുമ്പ് വിശേഷിപ്പിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.
രോഗബാധിതരിലൊരാളായ 70 വയസ്സ് പ്രായമുള്ള സ്ത്രീ അവരുടെ വലതുവശത്തെ വാരിയെല്ലുകൾക്കും ഇടുപ്പെല്ലിനും ഇടയിൽ വേദനാജനകമായ ചർമവ്രണത്തിനാണ് വൈദ്യസഹായം തേടിയെത്തിയത്. 18 മാസമായിരുന്നു അത് ഉണ്ടായിട്ട്. അവർക്കത് ഭേദമാകില്ലെന്നും ഡോക്ടർമാർ പറഞ്ഞു. തന്റെ സാരിയുടെ അടിയിൽ പെറ്റിക്കോട്ട് ധരിച്ച് അരയിൽ മുറുകെ കെട്ടിയിരുന്നു ഇവർ. ഇതുമൂലം ചുറ്റുമുള്ള ചർമത്തിന്റെ നിറം നഷ്ടപ്പെട്ടു.
അറുപതുകളുടെ അവസാനത്തിലെത്തിയ രണ്ടാമത്തെ സ്ത്രീക്ക് വയറ്റിൽ വലതുവശത്ത് അൾസറുണ്ടായി. രണ്ട് വർഷമായിട്ടും അത് ഭേദമായില്ല. 40 വർഷമായി അവൾ ദിവസവും ഒരു ‘ലുഗ്ഡ’ (ഒരു തരം സാരി) ധരിച്ചിരുന്നു. പെറ്റിക്കോട്ട് ഇല്ലാതെ ‘ലുഗ്ഡ’ അരയിൽ വളരെ മുറുകെ കെട്ടിയിരിക്കുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.
രണ്ട് സ്ത്രീകൾക്കും സ്ക്വാമസ് സെൽ കാർസിനോമ (അൾസറേറ്റിംഗ് സ്കിൻ ക്യാൻസർ) എന്നറിയപ്പെടുന്ന ‘മാർജോലിൻ അൾസർ’ ഉണ്ടെന്ന് ബയോപ്സിയിൽ വെളിപ്പെട്ടു. രണ്ടാമത്തെ സ്ത്രീയിൽ, രോഗനിർണയ സമയത്ത് അവളുടെ ഞരമ്പിലെ ലിംഫ് നോഡുകളിലൊന്നിലേക്ക് കാൻസർ പടർന്നിരുന്നു. ‘മർജോലിൻ’ അൾസർ അപൂർവമാണെങ്കിലും അത് ആക്രമണാത്മമാണെന്ന് ഡോക്ടർമാർ വിശദീകരിച്ചു. വിട്ടുമാറാത്ത പൊള്ളലേറ്റ മുറിവുകൾ, ഉണങ്ങാത്ത മുറിവുകൾ, കാലിലെ അൾസർ, ക്ഷയരോഗ ബാധിതമായ ചർമത്തിലെ കുരുക്കൾ, വാക്സിനേഷൻ, പാമ്പുകടിയേറ്റ പാടുകൾ എന്നിവയാൽ ഇത് വികസിക്കുന്നു.
‘അരയിൽ സ്ഥിരമായ മർദം പലപ്പോഴും ചർമത്തിലെ ചുളുക്കത്തിലേക്ക് നയിക്കുന്നു. ഇത് അൾസറായി മാറുന്നു. ഇറുകിയ വസ്ത്രങ്ങളിൽ നിന്നുള്ള സമ്മർദം കാരണം ഈ ഭാഗത്തെ അൾസർ പൂർണമായും സുഖപ്പെടുകയില്ല. മാത്രമല്ല, മാരകമായ തലത്തിലേക്ക് വികസിച്ചേക്കാമെന്നും രചയിതാക്കൾ എഴുതി. ചർമത്തിലെ സമ്മർദം ലഘൂകരിക്കാൻ സാരിയുടെ അടിയിൽ അയഞ്ഞ പെറ്റിക്കോട്ട് ധരിക്കാനും ചർമ പ്രശ്നങ്ങൾ ഉണ്ടായാൽ അയഞ്ഞ വസ്ത്രം സ്ഥിരമായി ധരിക്കാനും അവർ ഉപദേശിക്കുന്നു.
‘പ്രായപൂർത്തിയായശേഷം ജീവിതത്തിന്റെ ഭൂരിഭാഗവും ഞാൻ സാരി ധരിച്ചിരുന്നു. അരയിൽ മുറുകെ വരിഞ്ഞായിരുന്നു അതണിഞ്ഞിരുന്നത്. ആറു വർഷം മുമ്പ് വലതുഭാഗത്ത് ഒരു നിറവ്യത്യാസം ശ്രദ്ധിച്ചു. അതൊരു ചെറിയ ചർമപ്രശ്നമായി ഞാനാദ്യം തള്ളിക്കളഞ്ഞു. ക്രമേണ ഭേദമാവാത്ത അൾസറായി മാറി. അത് വലിയ അസ്വസ്ഥതയും ആശങ്കയും ഉണ്ടാക്കി’യെയെന്നും 70കാരി വിവരിച്ചു. ഒരു ത്വക് രോഗ വിദഗ്ധനെ കണ്ടപ്പോൾ തനിക്ക് ചർമാർബുദം ഉണ്ടെന്ന് കണ്ടെത്തിയതായും പിന്നീടത് കൂടുതൽ വഷളായെന്നും അവർ പറഞ്ഞു.
‘മാനസികമായും ശാരീരികമായും ഏറെ പ്രയാസത്തിയാഴ്ത്തിയ തന്റെ ജീവിതകാലം വിട്ടുമാറാത്ത ത്വക് രോഗങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതിന്റേയും നേരത്തെ തന്നെ വൈദ്യോപദേശം തേടേണ്ടതിന്റെയും പ്രാധാന്യം കാണിക്കുന്നു. പരമ്പരാഗത വസ്ത്ര സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ച് എന്റെ ഈ കഥ സ്ത്രീകൾക്കിടയിൽ അവബോധം വളർത്തുകയും അസാധാരണമായ ചർമാവസ്ഥകൾക്ക് സമയബന്ധിതമായ വൈദ്യോപദേശം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും’ അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.