ന്യൂഡൽഹി: ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽ നിന്ന് പുറത്തായതിൽ പ്രതികരണവുമായി എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. ബി.ജെ.പിയുമായുള്ള രണ്ട പതിറ്റാണ്ട് നീണ്ട ബന്ധത്തിൽ താൻ സംതൃപ്തയാണെന്നും ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തത് തന്റെ വില കുറച്ചിട്ടില്ലെന്നുമായിരുന്നു മനേകയുടെ പ്രതികരണം.
'ബി.ജെ.പിയുമായുള്ള 20 വർഷത്തെ ബന്ധത്തിൽ താൻ സംതൃപ്തയാണ്. നിർവാഹക സമിതിയിൽ ഇല്ലാത്തത് ഒരിക്കലും ഒരാളുടെ വില കുറക്കില്ല. സേവിക്കുകയെന്നതാണ് എന്‍റെ ആദ്യ മതം. ആളുകളുടെ ഹൃദയത്തിൽ കൂടുതൽ ഇടം ലഭിക്കുക എന്നതിനാണ് പ്രധാന്യം' -മനേക ഗാന്ധി പറഞ്ഞു.
'മറ്റു മുതിർന്ന നേതാക്കളിൽ പലർക്കും നിർവാഹക സമിതിയിൽ സ്ഥാനം ലഭിച്ചിട്ടില്ല. പുതിയ തലമുറക്ക് അവസരങ്ങൾ ലഭിക്കണം. എന്‍റെ കടമകളെക്കുറിച്ച് ബോധ്യമുണ്ട്. എന്‍റെ മണ്ഡലത്തിലെ ജനങ്ങളെ സേവിക്കുകയെന്നതാണ് ആദ്യ ചുമതലയും' -സ്വന്തം മണ്ഡലമായ സുൽത്താൻപൂർ സന്ദർശിച്ചശേഷം മനേക ഗാന്ധി പറഞ്ഞു.
ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തിൽനിന്ന് മനേക ഗാന്ധിയെയും മകനും എം.പിയുമായ വരുൺ ഗാന്ധിയെയും പുറത്താക്കിയിരുന്നു. ഉത്തർപ്രദേശ് ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകവുമായി ബന്ധപ്പെട്ട് രൂക്ഷമായ പ്രതികരണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു പുറത്താക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.