മുംബൈയിൽ 15 ലക്ഷത്തിലധികം രൂപയുടെ സ്വർണാഭരണങ്ങളുമായി വീട്ടുവേലക്കാരൻ മുങ്ങി

മുംബൈ: മുംബൈയിൽ വീട്ടുജോലിക്കാരൻ 15.30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങളുമായി കടന്നുകളഞ്ഞതായി പരാതി. മലാഡ് ഏരിയയിലാണ് സംഭവം.

വീട്ടു ജോലിക്കാരനായ ബിഹാറിലെ മധുബാനി ഫിറോസ്ഗഡ് സ്വദേശി നിതീഷ് കുമാറിനെതിരെ ഒക്ടോബർ നാലിനാണ് മലാഡ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വ്യവസായി മനൻ കമാൽ പോദാറിന്റെ വീട്ടു ജോലിക്കാരനായ നിതീഷ് കുമാർ കഴിഞ്ഞവർഷം ജൂലൈയിലാണ് വീട്ടുജോലിക്കാരനായി എത്തുന്നത്.

നാലുമാസത്തിനു ശേഷം ജോലി ഉപേക്ഷിച്ച് അയാൾ ബിഹാറിലേക്ക് മടങ്ങി. എന്നാൽ ഈ വർഷം വീണ്ടും തിരിച്ചുവന്ന് ജോലിയിൽ കയറിയ നിതീഷ് കുമാർ ജൂലൈ 30ന് ആഭരണങ്ങളുമായി മുങ്ങുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

പിന്നീട് വീട്ടുടമസ്ഥൻ അലമാര പരിശോധിപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്. തുടർന്ന് മലാഡ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നിതീഷ് കുമാറിനെതിരെ ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 306 പ്രകാരം മോഷണത്തിന് കേസെടുത്തു. പ്രതിക്കായി തിരച്ചിൽ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.