ന്യൂഡല്‍ഹി: ഇന്ത്യ അതിര്‍ത്തിക്കപ്പുറത്ത് നടത്തിയ മിന്നലാക്രമണത്തിന്‍െറ തെളിവ് ചോദിക്കുന്നതിനെതിരെ രംഗത്തുവന്ന മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍ ഇത്തരം ചോദ്യങ്ങളുന്നയിക്കുന്നത് രാജ്യരക്ഷക്കെതിരാണെന്ന് ഓര്‍മിപ്പിച്ചു. കേന്ദ്ര സര്‍ക്കാറിന്‍െറ അവകാശവാദത്തിന് തെളിവ് ചോദിച്ച് അന്തര്‍ദേശീയ മാധ്യമങ്ങളും കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി നേതാക്കളും പരസ്യമായി രംഗത്തുവന്നതിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദും ഇത്തരം ചോദ്യങ്ങളുന്നയിക്കരുതെന്ന് ആവശ്യപ്പെട്ടത്.
അതേസമയം, പാകിസ്താന്‍ ചെയ്തതുപോലെ വിദേശ മാധ്യമങ്ങളടക്കമുള്ളവരെ അതിര്‍ത്തിയിലേക്ക് കൊണ്ടുപോയതരത്തിലുള്ള സ്പോണ്‍സേഡ് പരിപാടിക്ക് കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമല്ളെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
പാകിസ്താന്‍ നടത്തുന്ന പ്രചാരണത്തില്‍ വീണ് ഈ ചോദ്യമുന്നയിച്ച മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരവും ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും ഇന്ത്യന്‍ സൈനികരുടെ മനോവീര്യം തകര്‍ക്കുകയാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. അതിര്‍ത്തിയില്‍ നടത്തിയ മിന്നലാക്രമണത്തിന്‍െറ പേരില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പിന്നീട് അതിന് തെളിവ് ചോദിച്ചത് നിര്‍ഭാഗ്യകരമാണ്.
പാകിസ്താനും ഒരു വിഭാഗം അന്തര്‍ദേശീയ മാധ്യമങ്ങളും നടത്തിയ തെറ്റായ പ്രചാരണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും വീണുപോകുകയായിരുന്നു. ഇവരെയാണോ ഇന്ത്യന്‍ സേനയെയാണോ വിശ്വാസമെന്ന് കെജ്രിവാള്‍ വ്യക്തമാക്കണം. രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പാര്‍ട്ടി വ്യത്യാസങ്ങള്‍ക്ക് അതീതമായി ഒരേ സ്വരത്തില്‍ സംസാരിക്കുകയെന്നതാണ് രാജ്യത്തിന്‍െറ പാരമ്പര്യം. അതാണ് കെജ്രിവാര്‍ ലംഘിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്‍െറ പോരാട്ടത്തെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. തെളിവ് ചോദിച്ച് ഇതിനെ രാഷട്രീയ ആയുധമാക്കി മാറ്റുകയാണ് കെജ്രിവാള്‍ ചെയ്തത്. രാഷ്ട്രീയ വിരോധത്തിന്‍െറ പേരില്‍ രാജ്യസുരക്ഷയുടെ കാര്യത്തിലാണ് അദ്ദേഹം ചോദ്യമുന്നയിക്കുന്നത്. രാഷ്ട്രീയമായും നയതന്ത്രതലത്തിലും അന്തര്‍ദേശീയ വേദികളിലും പാകിസ്താന്‍ ഒറ്റപ്പെട്ട ഘട്ടത്തിലാണിത്.
കെജ്രിവാളിനെപ്പോലെ മുന്‍ ആഭ്യന്തര മന്ത്രിയായ പി. ചിദംബരവും തെളിവ് നല്‍കേണ്ടത് സര്‍ക്കാറാണ് എന്ന് പറഞ്ഞത് കോണ്‍ഗ്രസിന്‍െറ ഒൗദ്യോഗിക നിലപാടാണോ എന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കണമെന്ന് രവി ശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.
ദിഗ്വിജയ് സിങ്ങിന് മുമ്പെ മറുപടി നല്‍കാറില്ളെന്നും അദ്ദേഹത്തിന്‍െറ വിമര്‍ശത്തിന് ഇപ്പോഴും ബി.ജെ.പി മറുപടി നല്‍കുന്നില്ളെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാജ്യരക്ഷാവിഷയങ്ങളില്‍ ഇത്തരം ചോദ്യങ്ങളുന്നയിക്കുന്നത് നിര്‍ത്താന്‍ സോണിയ കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെടണം.
ബി.ബി.സി., ന്യൂയോര്‍ക് ടൈംസ്, വാഷിങ്ഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ വിദേശമാധ്യമങ്ങള്‍ക്ക് അതിര്‍ത്തി സന്ദര്‍ശിക്കാന്‍ പാകിസ്താന്‍ സൗകര്യം ചെയ്തത് പോലെ ഇന്ത്യയും ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ളെന്ന് മന്ത്രി മറുപടി നല്‍കി. പറയാനുള്ളത് സര്‍ക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും അത്തരം സ്പോണ്‍സേഡ് പരിപാടികള്‍ നടത്തില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണം രാജ്യത്തെ കൊച്ചുകുട്ടി പോലും വിശ്വസിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു. സേനയെ നാം ആദരിക്കുന്നുവെന്നും അത് തുടരുകയും ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.