ലഖ്നോ: ഉത്തർപ്രദേശിലെ ഹാമിർപുർ ജില്ലയിൽ യമുന നദിയുടെ കരയ്ക്കടിഞ്ഞത് ഡസൻ കണക്കിന് മൃതദേഹങ്ങൾ. കോവിഡ് സാഹചര്യത്തിൽ ഞായറാഴ്ച ഡസനിലധികം മൃതേദഹങ്ങൾ കരക്കടിഞ്ഞത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി. തൊട്ടടുത്ത ഗ്രാമവാസികൾ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതേദഹങ്ങൾ യമുനയിൽ ഒഴുക്കുകയാണെന്നാണ് ഉയരുന്ന ആരോപണം.
ഹാമിർപുരിലെ ഗ്രാമപ്രദേശങ്ങളിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ശ്മശാനങ്ങളിൽ സംസ്കരിക്കാൻ കാത്തുകിടക്കേണ്ടതിനാൽ മൃതദേഹങ്ങൾ യമുന നദിയിൽ ഒഴുക്കുകയാണെന്നും പ്രദേശവാസികൾ ആരോപിച്ചു
അതേസമയം പ്രാേദശിക ഭരണകൂടം തന്നെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ യമുനയിൽ ഒഴുക്കുന്നതാണെന്ന ആരോപണവും ഉയരുന്നുണ്ട്.
ഉത്തർപ്രദേശ് പ്രാദേശിക ഭരണകൂടങ്ങൾക്കോ, ജില്ല ഭരണകൂടങ്ങൾക്കോ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കുകളില്ല. മരിച്ചവരുടെ കണക്കുകൾ ഇല്ലാത്തതിനാൽതന്നെ മൃതദേഹം എന്തുചെയ്തുവെന്നും ഭരണകൂടങ്ങൾക്ക് വ്യക്തമല്ല. ഇവിടത്തെ ഗ്രാമപ്രദേശങ്ങളിൽ കോവിഡ് മരണം കൂടുതലാണ്. കാൺപുർ, ഹാമിർപുർ ജില്ലകളിലാണ് മരണനിരക്ക് കൂടുതൽ.
ഹാമിർപുരിലെ ഒരു ഗ്രാമത്തിൽ യമുനയുടെ തീരത്താണ് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ യമുനയിൽ ഒഴുക്കുകയാണ് മിക്കവരും ചെയ്യുന്നതെന്നും നാട്ടുകാരിലൊരാൾ പറയുന്നു.
ഹാമിർപുരിന്‍റെയും കാൺപുരിന്‍റെയും അതിർത്തിയിലൂടെയാണ് യമുനയുടെ ഒഴുക്ക്. യമുന നദിയെ പവിത്രമായാണ് ഗ്രാമവാസികൾ കാണുന്നത്. അതിനാൽ പണ്ടുമുതൽക്കേ മരിച്ചവരുടെ മൃതദേഹങ്ങൾ നദിയിലൊഴുക്കുന്ന ആചാരങ്ങൾ ഇവിടെയുണ്ടെന്നായിരുന്നു എ.എസ്.പി അനൂപ് കുമാർ സിങ്ങിന്‍റെ പ്രതികരണം.
കോവിഡ് 19നെ തുടർന്നുള്ള പേടിയും മൃതദേഹം സംസ്കരിക്കാതെ നദിയിലൊഴുക്കാൻ ഗ്രാമവാസികളെ പ്രേരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.