ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭ പരിപാടിയിൽ പ്രസംഗിച്ചതിന് ആറുമാസമായി ജയിലിൽ കഴിയുന്ന ഡോ. കഫീൽ ഖാൻെറ ജാമ്യഹരജി അലഹബാദ് ഹൈകോടതി ഇന്നും പരിഗണിച്ചില്ല. ഹരജി കേൾക്കുന്ന ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസ് ശശികാന്ത് ഗുപ്ത താൻ ഈ കേസിൽനിന്ന് പിൻമാറുന്നതായി നാടകീയമായി അറിയിച്ചു. ഇതേതുടർന്ന് കേസ് ഒരുമാസത്തേക്ക് മാറ്റുന്നതായി കോടതി അറിയിച്ചു.
എന്നാൽ, ജാമ്യഹരജി കേൾക്കുന്നത് നിരന്തരം മാറ്റിവെക്കുന്നത് നീതിതിനിഷേധമാണെന്ന് ബെഞ്ചിലുള്ള മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് മഞ്ജുറാണി ചൗഹാനോട് കഫീലിൻെറ അഭിഭാഷകൻ ബോധിപ്പിച്ചു. കേസ് ഉടൻ പരിഗണിക്കണമെന്നും കക്ഷിക്ക് നീതിലഭ്യമാക്കണമെന്നുമുള്ള ഇദ്ദേഹത്തിെൻറ അപേക്ഷയെ തുടർന്ന് കേസ് ഒരുമാസത്തേക്ക് മാറ്റാനുള്ള തീരുമാനം റദ്ദാക്കി ആഗസ്റ്റ് അഞ്ചിന് പരിഗണിക്കാമെന്ന് ജഡ്ജി അറിയിച്ചു. അന്ന് പുതിയ ബെഞ്ചായിരിക്കും കേസ് കേൾക്കുക. അത്കൊണ്ടുതന്നെ കേസിൻെറ തുടക്കം മുതലുള്ള വാദംകേൾക്കേണ്ടി വരും. ഇത് ജാമ്യം ലഭിക്കുന്നത് വൈകിപ്പിക്കാൻ ഇടയാക്കും.
ഈ വർഷം ജനുവരി 29നാണ് ഡോ. കഫീലിനെ ഉത്തർപ്രദേശ് ടാസ്‌ക് ഫോഴ്‌സ് മുംബൈയിൽനിന്ന് പിടികൂടിയത്. ഇതിനുശേഷം ഇദ്ദേഹം നിരവധി തവണ ജാമ്യാപേക്ഷ നൽകിയെങ്കിലും പലകാരണങ്ങൾ പറഞ്ഞ് നീട്ടിവെക്കുകയായിരുന്നു. ഇദ്ദേഹത്തിൻെറ കേസ് കേൾക്കേണ്ട ബെഞ്ചിൽ നിന്ന് ജഡ്ജിമാർ പിന്മാറുന്നതും പതിവാണ്.
ഇന്ന് ജസ്റ്റിസ് ശശികാന്ത് ഗുപ്ത പിന്മാറിയപ്പോൾ ‘തങ്ങൾ 12 പ്രാവശ്യമായി ജാമ്യം തേടി കോടതിയിൽ വരുന്നു, ഇനിയും നീട്ടരുത്’ എന്ന് അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. തുടർന്നാണ് ഒരുമാസത്തേക്ക് നീട്ടിയത് ഒഴിവാക്കി അടുത്ത ആഴ്ചയിലേക്ക് കേസ് മാറ്റിയത്. ജാമ്യഹരജിയുടെ പുതുക്കിയ പകർപ്പ് നൽകണമെന്ന് കോടതി അഭിഭാഷകനോട് ആവശ്യപ്പെട്ടു
കഫീൽ ഖാന് വേണ്ടി മാതാവ് നുജാത് പർവീനാണ് കോടതിയെ സമീപിച്ചത്. ജാമ്യം നൽകാതെ തടവ് അനന്തമായി നീട്ടി ദ്രോഹിക്കാനുള്ള ഭരണകൂട തന്ത്രമാണ് അരങ്ങേറുന്നതെന്ന് സംശയിക്കുന്നതായി കഫീലിൻെറ സഹോദരൻ അദീൽഖാൻ ‘മാധ്യമം ഓൺലൈനി’നോട് പറഞ്ഞു.
പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 2019 ഡിസംബർ 12ന് അലിഗഡ് സർവകലാശാലയിൽനടത്തിയ പ്രസംഗത്തിൻെറ പേരിലാണ് ഡോ. കഫീൽ ഖാൻ അറസ്റ്റിലായത്. മുംബൈ വിമാനത്താവളത്തിൽനിന്നാണ് അദ്ദേഹത്തെ ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.