ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ 64 പിഞ്ചുകുഞ്ഞുങ്ങൾ ഒാക്സിജൻ കിട്ടാതെ മരിച്ച ബി.ആർ.ഡി മെഡിക്കൽ കോളജിൽ നിരവധി കുരുന്നുകളെ സ്വന്തം ചെലവിൽ ഒാക്സിജൻ വാങ്ങി രക്ഷിച്ച ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ അഹ്മദ് ഖാന് എട്ടുമാസത്തിനു ശേഷം തടവറയിൽനിന്ന് മോചനത്തിന് വഴിയൊരുങ്ങി. യു.പി സർക്കാർ ഗോരഖ്പുരിലെ ശിശുഹത്യ കേസിൽ പ്രതിയാക്കിയ ഡോ. കഫീലിന് അലഹബാദ് ഹൈകോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചു.
താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് ജയിലിൽനിന്ന് കഫീൽ എഴുതിയ കത്ത് പുറത്തുവരുകയും കഫീലിെൻറ ഭാര്യയും കൊച്ചു കുഞ്ഞും ഡൽഹിയിൽ വന്ന് വാർത്തസമ്മേളനം നടത്തുകയും ചെയ്തതിന് പിറകെയാണ് എട്ടുമാസമായി യോഗി സർക്കാർ ബോധപൂർവം നീട്ടിക്കൊണ്ടുപോകുകയായിരുന്ന ജാമ്യാപേക്ഷയിൽ അലഹബാദ് ഹൈകോടതി അനുകൂല തീരുമാനമെടുത്തത്.
ജയിലിൽ അത്യന്തം വൃത്തിഹീനമായ സെല്ലിൽ രോഗത്തിന് ചികിത്സപോലും നൽകാതെ പീഡിപ്പിക്കുകയാണെന്ന് കഫീൽ തെൻറ കത്തിൽ വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 2017 ആഗസ്റ്റ് 10നും 11നുമിടയിലായിരുന്നു രാജ്യത്തെ നടുക്കിയ ഗോരഖ്പുർ ശിശുഹത്യ. ബി.ആർ.ഡി മെഡിക്കൽ കോളജിലെ ശിശുരോഗ വിഭാഗത്തിൽ മസ്തിഷ്ക ജ്വരം ബാധിച്ച കുഞ്ഞുങ്ങൾക്കായുള്ള പ്രത്യേക വാർഡിലായിരുന്നു കൂട്ടമരണം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ തട്ടകമായ ഗോരഖ്പുരിലെ ഏക മെഡിക്കൽ കോളജിൽ സർക്കാർ ബിൽ അടക്കാത്തതിനാൽ ഒാക്സിജൻ വിതരണം നിർത്തിവെച്ചതിനെ തുടർന്നായിരുന്നു നിരവധി കുഞ്ഞുങ്ങളുടെ കൂട്ട മരണം സംഭവിച്ചത്്. ഇൗ സമയത്ത് സ്വന്തം പണം കൊടുത്ത് പരിചയത്തിലുള്ള ഒാക്സിജൻ വിതരണക്കാരെ വിളിച്ച് നിരവധി ജീവൻ രക്ഷിച്ചതിന് മാധ്യമങ്ങൾ പ്രശംസിച്ച ഡോ. കഫീലിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിൽ കണ്ട് ഭീഷണിപ്പെടുത്തിയാണ് കേസിൽ പ്രതിയാക്കിയത്.
യോഗിയുടെ ഭീഷണിയെ തുടർന്ന് കഫീൽ അവധിയിൽ പ്രവേശിച്ചുവെങ്കിലും പൊലീസ് കഫീലിനെയും കുടുംബത്തെയും നിരന്തരം വേട്ടയാടി. ആഗസ്റ്റ് 23ന് കഫീലിനെതിരെ ക്രിമിനൽ ഗൂഢാലോചനക്കും ബോധപൂർവമുള്ള ഹത്യക്കും ഉദ്യോഗസ്ഥനെന്ന നിലയിൽ വിശ്വാസലംഘനത്തിനും കേസെടുത്തു. തുടർന്ന് സെപ്റ്റംബർ രണ്ടിന് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.