ന്യൂഡൽഹി: 2020 ജനുവരി 29 മുതൽ ജയിലിൽ കഴിയുന്ന ഡോ. കഫീൽ ഖാൻ മോചിതനായതായി വ്യാജപ്രചാരണം. അദ്ദേഹത്തിൻെറ പഴയഫോട്ടോകൾ ഉപയോഗിച്ചാണ് സോഷ്യൽമീഡിയയിൽ തെറ്റായ വാർത്ത വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ, ഡോക്ടർ ഇപ്പോഴും തടവറയിൽ തന്നെയാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിൻെറ പേരിലാണ് ഡോ. കഫീൽ ഖാൻ അറസ്റ്റിലായത്. ഡിസംബർ 12ന് അലിഗഡ് സർവകലാശാലയിൽ നടന്ന പരിപാടിയുടെ പേരിൽ മുംബൈ വിമാനത്താവളത്തിൽനിന്ന് ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) പിടികൂടുകയായിരുന്നു.
കഫീലിൻെറ ജാമ്യാപേക്ഷ ജൂലൈ 27 ന് പരിഗണിക്കുമെന്ന് സഹോദരൻ അദീൽ അഹമ്മദ് ഖാൻ അറിയിച്ചു. ‘‘സഹോദരൻ ഇപ്പോഴും ജയിലിൽ തന്നെയാണുള്ളത്. ഇപ്പോൾ പ്രചരിക്കുന്നത് അദ്ദേഹത്തിൻെറ പഴയ ചിത്രങ്ങളാണ്. ഗോരഖ്പൂർ ശിശുമരണത്തിൻെറ പേരിൽ യോഗി സർക്കാർ അദ്ദേഹത്തെ അന്യായമായി തടവിലിട്ടിരുന്നു. ഈ സംഭവത്തിൽ മാസങ്ങൾക്ക് ശേഷം മോചനം ലഭിച്ചപ്പോഴുള്ള ഫോട്ടോകളാണ് കഴിഞ്ഞ ദിവസം മുതൽ പുതിയതെന്ന പേരിൽ പ്രചരിക്കുന്നത്’ -അദീൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഡോ. കഫീലിൻെറ മോചനത്തിനായി കോൺഗ്രസ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. നിരാഹാര സമരവും സോഷ്യൽ മീഡിയ പ്രചാരണവും നടത്തും. അന്യായ തടങ്കലിനെതിരെ ഡോക്ടർമാരുടെ സംഘടനയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.