ന്യൂഡല്‍ഹി: സ്വത്തുക്കള്‍ നിരീക്ഷിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമായി കൂടുതല്‍ ഡ്രോണുകള്‍ വാങ്ങി റെയില്‍വേ. റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ആണ് ഇക്കാര്യം അറിയിച്ചത്.
റെയില്‍വേ സ്‌റ്റേഷനുകള്‍, ട്രാക്കുകള്‍, യാര്‍ഡുകള്‍, വര്‍ക്ക്‌ഷോപ്പുകളെല്ലാം ഡ്രോണുകളുടെ കണ്ണിലായിരിക്കും. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് (ആര്‍.പി.എഫ്.) സുരക്ഷാ കാര്യങ്ങളില്‍ പ്രധാന സഹായിയായും ഡ്രോണുകള്‍ പ്രവര്‍ത്തിക്കും.
നിരീക്ഷണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് ഡ്രോണുകള്‍. തല്‍സമയ നിരീക്ഷണം, ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയ വിവിധ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തും. ഇത് റെയില്‍വേ ആസ്തികളുടെ നിരീക്ഷണം സാധ്യമാക്കും, യാത്രക്കാര്‍ക്ക് അധിക സുരക്ഷ ഉറപ്പാക്കും -റെയില്‍വേ മന്ത്രി ട്വിറ്ററില്‍ പറഞ്ഞു.
സുരക്ഷയുടെ ഭാഗമായി ഡ്രോണുകളെ വ്യാപകമായി ഉപയോഗിക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്.) തീരുമാനിച്ചതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ, സെന്‍ട്രല്‍ റെയില്‍വേ, സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ, മോഡേണ്‍ കോച്ചിങ് ഫാക്ടറി തുടങ്ങിയവയിലേക്കായി 31.87 ലക്ഷം രൂപ ചെലവില്‍ ഒമ്പത് ഡ്രോണുകള്‍ വാങ്ങിയിരുന്നു. ഡ്രോണുകള്‍ നിയന്ത്രിക്കാന്‍ 19 ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. 97.52 ലക്ഷം രൂപ ചെലവില്‍ 17 ഡ്രോണുകള്‍ കൂടെ ഉടന്‍ റെയില്‍വേ വാങ്ങും -റെയില്‍വേ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.