പാമ്പിന്‍റെ കടിയേറ്റ സലാവുദ്ദീൻ മൻസൂരി ഡോക്ടറോട് സംഭവം വിശദീകരിക്കുന്നു. ചത്ത പാമ്പിനെയും സമീപം കാണാം

'എന്നെ കടിച്ചതും രാജവെമ്പാല ചത്തു'; മദ്യപാനി പാമ്പിനെയുമെടുത്ത് ആശുപത്രിയിൽ

ലഖ്നോ: ചത്ത രാജവെമ്പാലയുമായി ഒരാൾ ആശുപത്രി അത്യാഹിതവിഭാഗത്തിലേക്ക്, എന്നെ കടിച്ച പാമ്പ് ചത്തു, അയാൾ പറഞ്ഞു. പോളിത്തീൻ ബാഗിനുള്ളിൽ മൂന്നടിയോളം നീളമുള്ള രാജവെമ്പാലയെ കണ്ട് ഡോക്ടർമാർ ഒരു നിമിഷം നിശബ്ദർ... ഉത്തർപ്രദേശിലെ കുശിനഗർ ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവമാണിത്. കൈക്കും കാലിനും പാമ്പ് കടിച്ചെന്നാണ് പദ്രൗന നിവാസിയായ സലാവുദ്ദീൻ മൻസൂരി (35) ഡോക്ടർമാരോട് അവകാശപ്പെട്ടത്. തന്‍റെ വാദങ്ങളെ ശരിവെക്കുന്നതിനാണ് പാമ്പുമായി ആശുപത്രിയിലെത്തിയത്.

സംഭവങ്ങളെക്കുറിച്ച് ഡോക്ടർമാരോട് മൻസൂരി വിശദീകരിച്ചതിങ്ങനെ, ' പദ്രൗണ റെയിൽവേ സ്റ്റേഷൻ വഴി മദ്യലഹരിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പ്ലാറ്റ്‌ഫോം മുറിച്ചുകടക്കുമ്പോൾ കാലിന് കടിയേറ്റു. നിലത്തേക്ക് നോക്കിയപ്പോഴാണ് രാജവെമ്പാലയെ കണ്ടത്. തുടർന്ന് കൈകൊണ്ട് പാമ്പിനെയെടുത്തിട്ട് പറഞ്ഞു - ഞാൻ മരിക്കും, അതിനാൽ നിന്നെയും ജീവിക്കാൻ അനുവദിക്കില്ല. ഈ സമയത്താണ് പാമ്പ് കൈക്ക് കടിച്ചത്. ദേഷ്യം വന്നതോടെ പാമ്പിനെ അടിച്ചുകൊന്നു. പാമ്പിന്‍റെ കടിയേറ്റെന്നും ആന്‍റി വെനം ഇഞ്ചക്ഷൻ നൽകണമെന്നും മൻസൂരി ഡോക്ടർമാരോട് ആവശ്യപ്പെട്ടു. അതേസമയം, കൈക്കും കാലിനും കടിയേറ്റ പാടുകളുണ്ടായിരുന്നു.

കരയിൽ ജീവിക്കുന്ന ഏറ്റവും വലിപ്പമുള്ള വിഷപ്പാമ്പാണ്‌ രാജവെമ്പാല (Ophiophagus hannah). പൂർണ്ണ വളർച്ചയെത്തിയ ഇതിന് 18 അടിയോളം (എകദേശം 5.5. മീറ്റർ) നീളം ഉണ്ടാവും. രാജവെമ്പാലയുടെ ന്യൂറോടോക്സിൻ ഗണത്തിൽപ്പെടുന്ന വിഷത്തിന് ഒറ്റക്കൊത്തിൽ ഒരു ശരാശരി മനുഷ്യനെ മുപ്പത് മിനുറ്റുകൾക്കുള്ളിൽ കൊല്ലാനുള്ള കഴിവുണ്ട്. വിഷപ്പാമ്പുകളടങ്ങുന്ന മറ്റു പാമ്പുകളെ ആഹാരമാക്കുന്ന രാജവെമ്പാലയുടെ സ്വഭാവത്തെയാണു ശാസ്ത്രീയനാമത്തിലെ Ophiophagus എന്ന പദം സൂചിപ്പിക്കുന്നത്.

Tags:    
News Summary - Drunk UP man takes king cobra to hospital, says snake ‘died after biting him’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.