ഭോപാൽ: ബി.ജെ.പിയുടെ സംഘടനാപ്രവർത്തനത്തെ വാനോളം പുകഴ്ത്തി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കുടുംബ രാഷ്ട്രീയത്തിന് ബി.ജെ.പിയിൽ സ്ഥാനമില്ലെന്നും പ്രധാനമന്ത്രിയടക്കമുള്ളവർ പ്രവർത്തകരുടെ പ്രകടനത്തിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി പ്രവർത്തകർക്ക് മോദി എന്നും പ്രചോദനമാണ്. മികച്ച സേവനം നടത്തുന്ന പാർട്ടിപ്രവർത്തകരെയാണ്
അദ്ദേഹത്തിന് ആവശ്യം, അതൊരിക്കലും അവരുടെ കുടുംബത്തെ അടിസ്ഥാനമാക്കിയല്ലെന്നും സിന്ധ്യ പറഞ്ഞു. കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി നേതാവും മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവുമായി നിയമിതനായ ഗോവിന്ദ് സിങ്ങിനെ അഭിനന്ദിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
2020 മാർച്ചിലാണ് കോൺഗ്രസ് വിട്ട് സിന്ധ്യ ബി.ജെ.പിയിൽ ചേർന്നത്. കോൺഗ്രസിന്റെ നിരവധി എം.എൽ.എമാർക്കൊപ്പം സിന്ധ്യയും പാർട്ടിയിൽ നിന്ന് പുറത്ത് പോയത് അന്നത്തെ കമൽനാഥ് സർക്കാറിന്റെ തകർച്ചയിലേക്ക് നയിച്ചിരുന്നു.
അതേസമയം ജ്യോതിരാദിത്യ സിന്ധ്യക്ക് ഏതാനും മാസങ്ങൾക്ക് മുമ്പ് അനുവദിച്ച ബംഗ്ലാവിന്റെ പൂജ കർമങ്ങൾ കഴിഞ്ഞദിവസം നടന്നിരുന്നു. ബി.ജെ.പി മുൻ മുഖ്യമന്ത്രി ഉമാഭാരതിയുടെ ഔദ്യോഗിക വസതിയുടെ അടുത്താണ് സിന്ധ്യയുടെ ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.