ചെന്നൈ: ഇ-പാസ് സംവിധാനം ഏർപ്പെടുത്തിയതിനുശേഷം ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിൽ സഞ്ചാരികളുടെ എണ്ണം കുറഞ്ഞത് ടൂറിസം മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കി. മുൻ സീസണുകളെ അപേക്ഷിച്ച് ഇത്തവണ വരുമാനം ഏറെ കുറഞ്ഞതായി വ്യാപാര കേന്ദ്രങ്ങൾ അറിയിച്ചു.
ഈ വർഷം ഏപ്രിലിൽ മുക്കാൽ ലക്ഷത്തോളം പേരും മേയിൽ ഇതുവരെ മുപ്പതിനായിരത്തോളം പേരുമാണ് കൊടൈക്കനാലിൽ എത്തിയത്. കഴിഞ്ഞവർഷം മേയിൽ രണ്ടു ലക്ഷത്തോളം പേരെത്തിയിരുന്നു. ഊട്ടിയിലും കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണം വൻതോതിൽ കുറഞ്ഞിട്ടുണ്ട്. ഇതിന് പുറമെയാണ് കനത്ത മഴയെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾ. പലയിടങ്ങളിലും മണ്ണിടിച്ചിൽ പോലുള്ള സംഭവങ്ങളെ തുടർന്ന് മലമ്പാതകളിൽ ഗതാഗതം തടസ്സപ്പെടുന്നുണ്ട്. ഇത് ഹോട്ടൽ, ബേക്കറി, റിസോർട്ട്, ചെറുകിട വ്യാപാര മേഖലകളെയാണ് ദോഷകരമായി ബാധിച്ചത്. 30 ശതമാനംവരെ ബിസിനസ് കുറഞ്ഞതായാണ് റിപ്പോർട്ട്.
മദ്രാസ് ഹൈകോടതി ഉത്തരവിനെ തുടർന്ന് മേയ് ഏഴുമുതലാണ് ഇ- പാസ് സംവിധാനം ഏർപ്പെടുത്തിയത്. ജൂൺ 30 വരെ തുടരും. ഇ- പാസ് ഇല്ലാതെ വാഹനങ്ങളിൽ വരുന്നവർക്കും പാസ് ലഭ്യമാക്കാൻ ചെക്പോസ്റ്റുകളിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ബസ്, ട്രെയിൻ യാത്രക്കാർക്ക് നിബന്ധനകൾ ബാധകമല്ല. ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിൽ വാഹനത്തിരക്ക് ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് കോടതി ഇടപെടൽ ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.