പ്രതീകാത്മക ചിത്രം

ട്രെയിൻ വൈകിയോ? യാത്രക്കാർക്ക് സൗജന്യ ഭക്ഷണം റെയിൽവേ നൽകും

ശൈത്യകാലം രൂക്ഷമായിരിക്കുകയാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും. കനത്ത മൂടൽമഞ്ഞ് കാഴ്ചമറയ്ക്കുന്നത് പലപ്പോഴും പൊതുഗതാഗതത്തെയും സാരമായി ബാധിക്കാറുണ്ട്. പലപ്പോഴും മണിക്കൂറുകൾ വൈകിയോടുന്ന ട്രെയിനുകൾ യാത്രക്കാരുടെ പദ്ധതികൾ അപ്പാടെ തകിടം മറിക്കുന്നതും പതിവായിരിക്കുകയാണ്. പ്രീമിയം ട്രെയിനുകളിൽ സീറ്റ് ബുക്ക് ചെയ്തവർക്ക് മറ്റ് യാത്രാ സംവിധാനങ്ങളെ ആശ്രയിക്കുന്നത് വലിയ സാമ്പത്തിക നഷ്‍ടം സൃഷ്ടിക്കുകയും ചെയ്യും.

യാത്രക്കാരുടെ അസൗകര്യം പരിഹരിക്കാനായി സൗജന്യ ഭക്ഷണമുൾപ്പെടെ റെയിൽവേ നൽകുമെന്ന കാര്യം അറിയാത്തവരാണ് മിക്ക യാത്രക്കാരും. രാജധാനി, തുരന്തോ, ശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്കാണ് റെയിൽവേ ഐ.ആർ.സി.ടി.സിക്കൊപ്പം ചേർന്ന് ഭക്ഷണം നൽകുന്നത്. ഷെഡ്യൂൾ ചെയ്തതിനും രണ്ട് മണിക്കൂറിൽ കൂടുതൽ ട്രെയിൻ വൈകിയാലാണ് സൗജന്യമായി ഭക്ഷണം ലഭിക്കുക. ട്രെയിൻ വരാനായി സ്റ്റേഷനിൽ കാത്തിരിക്കുന്നവർക്കും ലക്ഷ്യസ്ഥലത്ത് എത്താൻ വൈകുന്നവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ഇത്തരം സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ലഭിക്കുന്ന ഭക്ഷണങ്ങൾ എന്തെല്ലാമാണെന്നാണ് ചുവടെ പറയുന്നത്.

  • ചായ/ കാപ്പി: യാത്രക്കാർക്ക് മധുരമുള്ളതോ ഇല്ലാതെയോ ചായയോ കാപ്പിയോ ലഭിക്കും. ഇതിനൊപ്പം ബിസ്കറ്റും ലഭിക്കും.
  • ബ്രേക്ഫാസ്റ്റ്/ ഈവനിങ് ടീ: ബ്രഡ്, ബട്ടർ, ജ്യൂസ് (200 മി.ലി), ചായ/ കാപ്പി എന്നിവയടങ്ങിയ സെറ്റ്.
  • ഉച്ചഭക്ഷണം/ അത്താഴം: ചോറും കറിയും അച്ചാറും അടങ്ങുന്ന ഭക്ഷണപ്പൊതിയോ പൂരിയും കറിയും അടങ്ങുന്ന പൊതിയോ വാങ്ങാം. പ്രാദേശിക രുചിഭേദങ്ങൾ അനുസരിച്ച് ഇതിൽ മാറ്റമുണ്ടാകും.

ഇവക്കു പുറമെ ട്രെയിനുകൾ ഏറെ വൈകുകയാണെങ്കിൽ റീ-ഫണ്ട് ലഭിക്കാനുള്ള ഓപ്ഷനുമുണ്ട്. മൂന്ന് മണിക്കൂറിലേറെ വൈകുകയോ വഴി തിരിച്ചുവിടുകയോ ചെയ്താൽ ടിക്കറ്റ് റദ്ദാക്കി പണം തിരികെ വാങ്ങാനാകും. ട്രെയിനുകൾ വൈകുന്ന മുറക്ക് അധിക ചാർജ് ഈടാക്കാതെ വെയിറ്റിങ് റൂമുകൾ ഉപയോഗിക്കാം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്‍റെ സേവനം സദാസമയവും ലഭ്യമായിരിക്കും.

Tags:    
News Summary - Delayed Trains? Indian Railways Offers Free Food For Travellers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.