ബംഗളൂരു: രാജ്യത്തിന്റെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹം `ഇ.ഒ.എസ്-08' ഈ മാസം 15ന് വിക്ഷേപിക്കും. സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിലാകും (എസ്.എസ്.എൽ.വി) വിക്ഷേപണമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ) അറിയിച്ചു.
ദുരന്തനിരീക്ഷണം, പാരിസ്ഥിതിക നിരീക്ഷണം എന്നിവക്ക് ഉപകരിക്കുന്ന ഉപഗ്രഹത്തിന്റെ ദൗത്യ കാലാവധി ഒരു വർഷമാണ്. 175.5 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 475 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാകും എത്തിക്കുക.
മൂന്ന് പേലോഡുകളാണ് ഉപഗ്രഹത്തിലുണ്ടാവുക. ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് പേലോഡ് (ഇ.ഒ.ഐ.ആർ), ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം റിഫ്ലെക്ടോമെട്രി പേലോഡ് (ജി.എൻ.എസ്.എസ്-ആർ), എസ്.ഐ.സി യു.വി ഡോസിമീറ്റർ എന്നിവയാണ് പേലോഡുകൾ.
ഉപഗ്രഹാധിഷ്ഠിത നിരീക്ഷണം, ദുരന്ത നിരീക്ഷണം, പരിസ്ഥിതി നിരീക്ഷണം എന്നിവക്കായി പകലും രാത്രിയും ചിത്രങ്ങൾ പകർത്തുന്നതിനാണ് ഇ.ഒ.ഐ.ആർ പേലോഡ് രൂപകല്പന ചെയ്തത്.
സമുദ്രോപരിതല കാറ്റ് വിശകലനം, മണ്ണിന്റെ ഈർപ്പം വിലയിരുത്തൽ, വെള്ളപ്പൊക്കം കണ്ടെത്തൽ എന്നിവക്കാണ് ജി.എൻ.എസ്.എസ്-ആർ പേലോഡ് ഉപയോഗിക്കുക.
ഗഗൻയാൻ ദൗത്യത്തിൽ ക്രൂ മൊഡ്യൂളിനെ സഹായിക്കാൻ എസ്.ഐ.സി യു.വി ഡോസിമീറ്റർ പേലോഡ് പ്രയോജനപ്പെടുമെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.