ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഡൽഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനമുണ്ടായ വേളയിൽ പലയിടങ്ങളിലും ജനങ്ങൾ പ്രാണഭയം കൊണ്ട് വീടുവിട്ട് ഓടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആ സമയത്തും വളരെ കൂളായിരുന്ന ഒരു വ്യക്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മറ്റാരുമല്ല കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് ലൈവ് സംഭാഷണത്തിനിടെ ഭൂചലനം അനുഭവപ്പെട്ട വേളയിലൂം കൂസലില്ലാതെ സംസാരം തുടർന്ന് നെറ്റിസൺസിനെ ഞെട്ടിച്ചത്.
ചരിത്രകാരനായ ദിപേഷ് ചക്രവര്‍ത്തിക്കൊപ്പം ചിക്കാഗോ സർവകലാശാലയിലെ പൊളിറ്റിക്കല്‍ സയൻസ് വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. 'ഭൂചലനം ആണെന്ന് തോന്നുന്നു എന്‍റെ മുറി മുഴുവൻ കുലുങ്ങുന്നു'-എന്ന് സാധാരണ മട്ടിൽ പറഞ്ഞ് ചിരിച്ചു കൊണ്ട് സംഭാഷണം തുടരുകയായിരുന്നു രാഹുൽ.
കർഷക സമരത്തിനിടെയുള്ള കേന്ദ്ര സർക്കാറിന്‍റെ സോഷ്യൽ മിഡിയ സെൻസർഷിപ്പിനെ കുറിച്ചും സോഷ്യൽ മിഡിയ ട്രോളുകളെ കുറിച്ചും ഒരു വിദ്യാർഥി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഭൂചലനത്തെക്കുറിച്ച് പറഞ്ഞതോടെ പരിപാടിയിൽ പങ്കെടുത്തവർ അമ്പരന്നെങ്കിലും രാഹുൽ ഒന്നും സംഭാവിക്കാത്ത രീതിയിൽ പരിഭ്രാന്തിയോ ആശങ്കയോ ഇല്ലാതെ ചിരിച്ചുകൊണ്ട് തന്‍റെ സംസാരം തുടരുകയായിരുന്നു.
രണ്ടു ദിവസത്തെ രാജസ്ഥാൻ സന്ദർശനത്തിനിടെയാണ് അദ്ദേഹം ഓൺലൈൻ സംവാദത്തിൽ പങ്കു ചേർന്നത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രാഡോയും രാഹുലിനൊപ്പം പരിപാടിയിൽ പങ്കെടുത്തു. രാഹുൽ ഗാന്ധിയുടെ സൂപ്പർ കൂൾ പെരുമാറ്റം കാണിച്ച വിഡിയോ പുറത്തു വന്നതോടെ അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് നെറ്റിസൺസ്.
ഉത്തേരന്ത്യയിൽ ഡൽഹിയിലടക്കം വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാത്രി 10.30ഓടെയായിരുന്നു ഭൂചലനം. പഞ്ചാബിലെ അമൃത്സർ, ജമ്മു, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഹരിയാന, നോയിഡ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരം.
താജികിസ്താനാണ് പ്രഭവകേന്ദ്രം. അമൃത്സറിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രതയും രാജസ്ഥാനിലെ ആൾവാറിൽ 4.2 തീവ്രതയും രേഖപ്പെടുത്തി. അമൃത്സറിൽ ജനങ്ങൾ വീടുവിട്ട് പുറത്തേക്കോടി. ആളുപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു.
ഡൽഹിയിലെ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനം രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ ആളപായമോ മറ്റു നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യയെ കൂടാതെ പാകിസ്താനിലെ ലാഹോർ, ഇസ്ലാമാബാദ് എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.