ന്യൂഡൽഹി: സാമ്പത്തിക കുറ്റകൃത്യങ്ങളിൽ കേരളത്തിൽ വലിയ വർധന രേഖപ്പെടുത്തിയതായി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോർട്ട്. 2020ൽ 9,136 കേസുകളാണെടുത്തത്.
2019ൽ 6,584 ഉം 2018ൽ 5522 കേസുകളും. 2020ൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ 63.5 ശതമാനം കേസുകളുടെ കുറ്റപത്രം മാത്രമാണ് സമർപ്പിച്ചത്. രാജസ്ഥാനും ഉത്തർപ്രദേശുമാണ് സാമ്പത്തിക കുറ്റകൃത്യത്തിൽ മുന്നിൽ. സൈബർ കുറ്റകൃത്യങ്ങളിൽ കർണാടകയാണ് മുന്നിൽ (10,741കേസുകൾ). രാജ്യത്ത് 2020ൽ പ്രതിദിനം 77 സ്ത്രീകൾ പീഡനത്തിന് ഇരയായി. 28,046 പീഡന കേസുകളാണ് രജിസ്റ്റർ ചെയ്തത്.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ രാജ്യത്ത് 3,71,503 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 10,139 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.
ഇതിൽ 94.1 ശതമാനം കേസുകളിലും കുറ്റപത്രം സമർപ്പിച്ചു. യു.പി, പശ്ചിമ ബംഗാൾ, രാജസ്ഥാൻ സംസ്ഥാനങ്ങളാണ് കേസുകളിൽ മുന്നിൽ.
അതേസമയം, കോവിഡ് മഹാമാരിയെ തുടർന്ന് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് 2020ൽ കുറവ് വന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ 426 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 70.6 ശതമാനം കുറ്റപത്രം സമർപ്പിച്ചു. രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളിൽ കേരളത്തിൽ 171 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 18 കേസുകളിൽ യു.എ.പി.എ ചുമത്തിയിട്ടുണ്ട്.
152 കേസുകൾ പൊതുമുതൽ നശിപ്പിച്ചതിനും ഒരു കേസ് ഔദ്യോഗിക രഹസ്യ നിയമ പ്രകാരവുമാണ്. രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തത് കൂടുതലും യു.പിയിലാണ്. 2,217 കേസുകൾ.
യു.എ.പി.എ കേസുകൾ കൂടുതൽ ജമ്മു കശ്മീരിലാണ് (287). പട്ടിക ജാതി അതിക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ രാജ്യത്ത് 9.4 ശതമാനം വർധനവുണ്ടായി. സംസ്ഥാനത്ത് 846 കേസുകളും. പട്ടിക വർഗ അതിക്രമവുമായി ബന്ധപ്പെട്ട് 130 കേസുകളും രജിസ്റ്റർ ചെയ്തു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസുകൾ കേരളത്തിൽ വലിയ കുറവ് രേഖപ്പെടുത്തി.
2020ൽ 1,795 കേസുകളുണ്ടായി. മുൻ വർഷങ്ങളിൽ 5,000ത്തിനു മുകളിലായിരുന്നു. തമിഴ്നാട്ടിൽ 42,756 കേസുകളാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ളത്. തട്ടിക്കൊണ്ടുപോകലുമായി ബന്ധെപ്പട്ട് കേരളത്തിൽ 166 കേസുകളുണ്ടായി. ഇതിൽ ഭൂരിഭാഗം പേരെയും കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.