വിവോയ്‌ക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ്: മൊബൈൽ കമ്പനി എം.ഡി ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ


ന്യൂഡൽഹി: ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ വിവോയ്‌ക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസന്വേഷണത്തിന്റെ ഭാഗമായി ലാവ ഇന്റർനാഷനൽ മൊബൈൽ കമ്പനി എം.ഡിയും ചൈനീസ് പൗരനുമടക്കം നാലു പേരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ലാവ എം.ഡി ഹരി ഓം റായ്, ചൈനീസ് പൗരൻ ഗ്വാങ്‌വെൻ ക്യാങ്, ചാർട്ടേഡ് അക്കൗണ്ടന്റ് നിതിൻ ഗാർഗ്, രാജൻ മാലിക് എന്നിവരാണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഇന്ത്യയിൽ പ്രവർത്തിക്കുമ്പോൾ തന്നെ കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് തുടങ്ങിയ ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ചൈനീസ് സ്ഥാപനങ്ങൾക്കെതിരെ പരിശോധന കർശനമാക്കാനുള്ള കേന്ദ്ര സർക്കാറിന്റെ ശ്രമത്തിന്റെ ഭാഗമായാണ് നടപടി.

ഇന്ത്യയിൽ നികുതി അടക്കാതിരിക്കാൻ വിവോ ചൈനയിലേക്ക് 62,476 കോടി രൂപ അനധികൃതമായി കൈമാറ്റം ചെയ്തതായി ഇ.ഡി ആരോപിച്ചിരുന്നു. ഇതിന് ചാർട്ടേഡ് അക്കൗണ്ടന്റ് നിതിൻ ഗാർഗ് സഹായിച്ചുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഫണ്ട് കൈമാറ്റത്തിൽ ഉൾപ്പെട്ട 22 ഇന്ത്യൻ കമ്പനികളെയും ഇ.ഡി തിരിച്ചറിഞ്ഞിട്ടുണ്ട്. ചൈനീസ് പൗരന്മാരും ഇന്ത്യൻ കമ്പനികളും ഉൾപ്പെട്ട വലിയ കള്ളപ്പണം വെളുപ്പിക്കൽ റാക്കറ്റ് തകർത്തതായി അവകാശപ്പെട്ട് കഴിഞ്ഞ വർഷം ഇ.ഡി വിവോയിലും മറ്റും റെയ്ഡ് നടത്തിയിരുന്നു.

Tags:    
News Summary - ED arrests 4 Vivo executives in money laundering case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.