ദാവൂദ് ഇബ്രാഹിമുമായുള്ള ഹവാല ഇടപാട് കേസ്: മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇ.ഡി അറസ്റ്റ് ചെയ്തു

മുംബൈ: മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിർന്ന എൻ.സി.പി നേതാവുമായ നവാബ് മാലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി ) അറസ്റ്റ് ​ചെയ്തു. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ഹവാല ഇടപാട് കേസിലാണ് അറസ്റ്റ്.

1993ലെ സ്ഫോടനപരമ്പര കേസ് പ്രതിയുമായുള്ള ഭൂമി ഇടപാടുമായി ബന്ധപ്പെട്ടടക്കം നവാബ് മാലിക്കിനെ രാവിലെ എട്ട് മുതൽ ഇ.ഡി ചോദ്യം ചെയ്ത് വരികയായിരുന്നു. സമൻസിനെ തുടർന്ന് രാവിലെ 7. 45 ഓടെ മാലിക് ഇ.ഡി കാര്യാലയത്തിൽ ഹാജരാവുകയായിരുന്നു. ദാവൂദ് ഇബ്രാഹിം, സഹോദരൻ അനീസ്, ഇഖ്ബാൽ, കൂട്ടാളി ഛോട്ടാ ഷക്കീൽ തുടങ്ങിയവർക്കെതിരെ ഇ.ഡി രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നവാബ് മാലിക്കിന് സമൻസ് നൽകിയിരുന്നത്. കഴിഞ്ഞയാഴ്ച ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.

ദാവൂദിന്റെ കൂട്ടാളിയായ സർദാർ ഷവാലി ഖാൻ, ദാവൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ അംഗരക്ഷകൻ സലീം പട്ടേൽ എന്നിവരുമായി നവാബ് മാലിക്ക് ഇടപാട് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇ.ഡി ചോദ്യം ചെയ്തത്. ഇരുവരുമായി നടത്തിയ ഇടപാടിലൂടെ നവാബ് മാലിക്ക് കോടികൾ വിലമതിക്കുന്ന വസ്തും 30 ലക്ഷം രൂപക്ക് സ്വന്തമാക്കിയെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചിരുന്നു.

നവാബ് മാലിക്കും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളും നടത്തുന്ന ബിസിനസ് ഇടപാടുകളും ഇ.ഡി നിരീക്ഷിച്ചുവരികയാണ്. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായ ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ടയിലെ ദുരൂഹതയെ നിരന്തരം ചോദ്യംചെയ്ത മാലിക് കേന്ദ്രസർക്കാറിനും ബി.ജെ.പി നേതാക്കന്മാർക്കുമെതിരെ നിരവധി ആരോപണങ്ങളും ഉന്നയിച്ചിരുന്നു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ബി.ജെ.പി നേതാക്കളുടെ സാന്നിധ്യം തുറന്നുകാട്ടിയത് മാലിക്കാണ്.

എൻ.സി.ബി മുംബൈ മേധാവിയായിരുന്ന സമീർ വാങ്കഡെയെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് വിരോധത്തിലുമാക്കി. ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ നിലവിലെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെതിരെ അധോലോക ബന്ധവും മാലിക് ആരോപിച്ചിരുന്നു. മാലിക് സ്ഫോടന കേസ് പ്രതിയുമായി ഭൂമി ഇടപാട് നടത്തിയതിന്റെ രേഖകളുമായാണ് ഫഡ്നാവിസ് പ്രതികരിച്ചത്. ഈ ഇടപാടുമായി ബന്ധപ്പെട്ടാണ് മാലികിനെ ഇ.ഡി ചോദ്യം ചെയ്തത്.

Tags:    
News Summary - ED arrests Nawab Malik in money laundering case linked to Dawood Ibrahim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.